
തിരുവനന്തപുരം (ആറ്റിങ്ങൽ): ശുദ്ധജല സംഭരണിയുടെ ശോചനീയവസ്ഥ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. സംഭരണിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും ,വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ ഉപരോധ സമരം നടത്തി. വീഴ്ച വരുത്തിയവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് പ്രതിഷേധക്കാർക്ക് ഡപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ബൈജു രേഖാമൂലം ഉറപ്പ് നൽകി.
അന്വേഷണത്തിന്റെ ഭാഗമായി പമ്പ് ഓപ്പറേറ്ററെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ച മുൻപ് ടാങ്ക് പരിസരവും മുകൾഭാഗവും വൃത്തിയാക്കിയതായും മൂടി പുനഃസ്ഥാപിച്ചതായും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. എന്നാൽ ടാങ്കിന്റെ മുകൾ ഭാഗം വൃത്തിയാക്കിയതും മൂടി സ്ഥാപിച്ചതും ഇന്നലെ രാവിലെയാണെന്ന് നാട്ടുകാർ. ജീവനക്കാരല്ലാതെ മറ്റാരെങ്കിലും മൂടി മാറ്റിയതാവാം എന്നാണ് ജീവനക്കാരുടെ വാദം. പമ്പിങ് ഇല്ലാത്ത ദിവസം മൂടി നീക്കിയിട്ടതാകാം എന്നും ജീവനക്കാർ ഉന്നയിക്കുന്നു. എന്നാൽ,മൂടി തുറന്ന് കിടന്നത് അധികൃതർക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടു.
ലക്ഷക്കണക്കിന് ആളുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്ക് തുറന്ന് കിടന്നതിനാൽ മാലിന്യം അടക്കം ടാങ്കിലേക്ക് പതിക്കാനുള്ള സാധ്യത ഏറെയായിരുന്നെന്നും സമീപത്തെ മരങ്ങളിൽ നിന്നും ഫലങ്ങളും ഇലകളും ടാങ്കിൽ പതിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഴുവിലം പഞ്ചായത്തിലെ 3,4,5 വാർഡുകൾ ഒഴികെ മറ്റ് പതിനെട്ട് വാർഡുകളിലേക്കും ജലം പമ്പ് ചെയ്യുന്നത് ഇവിടെ നിന്നും ആണ്. രണ്ട് ലക്ഷം ലിറ്റർ ജലം കൊള്ളുന്ന സംഭരണി ഭൂമിയുടെ നിരപ്പിന് സമാനമായാണ് നിർമിച്ചിരിക്കുന്നത്
.




