
കോട്ടയം (കുമരകം): കോണത്താറ്റ് പാലം പൊളിച്ചതോടെ കോട്ടയം–കുമരകം റൂട്ടിൽ സർവീസ് നടത്താൻ കെഎസ്ആർടിസി ബസുകൾ ഇല്ല. കോട്ടയം, ചേർത്തല, വൈക്കം കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ഈ റൂട്ടിൽ 23 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ പാലം പൊളിച്ചതോടെ ഈ ബസുകൾ മറ്റു റൂട്ടുകളിൽ സർവീസ് ആരംഭിച്ചു. റൂട്ടിൽ സർവീസ് നടത്തണമെന്നാവശ്യപ്പെട്ടു യാത്രക്കാർ കെഎസ്ആർടിസിയെ സമീപിച്ചപ്പോഴാണു ബസുകൾ ഇല്ലെന്ന് അധികൃതരുടെ മറുപടി.
വൈക്കം ഡിപ്പോയിൽ നിന്ന് 3 ബസുകൾ കുമരകം വഴി ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഈ ബസുകൾ കോട്ടയത്ത് വന്നതിനു ശേഷം വൈറ്റിലയ്ക്കാണ് പോകുന്നത്. 3 ബസുകളായി 4 സർവീസുകൾ മാത്രമാണ് നടത്തുന്നത്. ബസുകൾ തിരികെ എത്തിക്കാൻ കെഎസ്ആർടിസി അധികൃതർ നടപടി എടുക്കുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.
23 വർഷം മുൻപു കൈപ്പുഴമുട്ട് പാലം ഗതാഗതത്തിനു തുറന്നു കൊടുത്തപ്പോഴാണ് കുമരകം റൂട്ടിലൂടെ കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങിയത്. ജില്ലയിൽ കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചിരുന്ന റൂട്ടുകളിൽ ഒന്നായിരുന്നു ഇത്. ഈ റൂട്ട് ഇപ്പോൾ സ്വകാര്യ ബസുകൾ കുത്തകയാക്കി സർവീസ് നടത്തുകയാണ്. കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങിയാൽ ഈ റൂട്ടിൽ നിന്ന് കെഎസ്ആർടിസിക്കു മികച്ച വരുമാനം ലഭിക്കുമെന്നാണ് യാത്രക്കാർ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



