
തിരുവനന്തപുരം: ക്ഷേമപെൻഷൻ പദ്ധതി പ്രഖ്യാപനങ്ങൾ രാഷ്ട്രീയ തന്ത്രമായി കാണേണ്ടതില്ലെന്നും, ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി കൃത്യമായ ആലോചനകൾക്ക് ശേഷം എടുത്ത തീരുമാനങ്ങളാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും, കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്ത് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
പെൻഷൻ തുക 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കിയതിലൂടെ 25 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകും. വീട്ടമ്മമാരുടെ ആനുകൂല്യം, സ്കീം വർക്കേഴ്സിന്റെ അലവൻസ് വർധനവ് എന്നിവയെല്ലാം പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.
ഈ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ സാധിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് സർക്കാർ പ്രഖ്യാപിച്ചത്. വാരിക്കോരിയുള്ള പ്രഖ്യാപനങ്ങളല്ല, മറിച്ച് ആവശ്യത്തിന് ജനങ്ങൾക്ക് കൊടുക്കേണ്ട കാര്യങ്ങളാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരു തന്ത്രമല്ല ഇതെന്നും, കുറഞ്ഞത് ആറു മാസത്തെ സമയം മുന്നിലുള്ളതിനാൽ ഇത് പ്രവർത്തിച്ചു കാണിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തിന്റെ ആകെ വരുന്ന റവന്യൂ വരുമാനത്തിന്റെ 25% മാത്രമേ കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട ടാക്സിൽ നിന്ന് ലഭിക്കുന്നുള്ളൂ. ഇത് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് ശരാശരി ലഭിക്കുന്ന 53 ശതമാനത്തേക്കാൾ വളരെ കുറവാണ്. കേന്ദ്ര ഗവൺമെന്റിന്റെ നയം കാരണം സംസ്ഥാനത്തിന് ഒരു വർഷം 57,000 കോടി രൂപയുടെ കുറവാണ് വരുമാനത്തിൽ വന്നത്. പഴയ കണക്കനുസരിച്ച് ഈ വർഷം അവസാനമാകുമ്പോൾ ആറുലക്ഷം കോടി കടമെടുക്കേണ്ട സ്ഥാനത്ത്, കേന്ദ്രസർക്കാർ 4,07,000 കോടി എടുക്കാനേ സമ്മതിച്ചിട്ടുള്ളൂ. ടാക്സ് കൂട്ടാൻ സാധിക്കില്ലെങ്കിലും, നിലവിലുള്ള നികുതി കൃത്യമായി കളക്ട് ചെയ്ത് എടുക്കാൻ കഴിഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല, എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. ഇത്രയേറെ വെട്ടിക്കുറവുകൾ ഉണ്ടായിട്ടും സംസ്ഥാനം പിടിച്ചുനിന്നത് കൃത്യമായ പ്ലാനിങ്ങിലൂടെയാണ്. ടാക്സ് കൂട്ടാൻ സാധിക്കില്ലെങ്കിലും, നിലവിലുള്ള നികുതി കൃത്യമായി കളക്ട് ചെയ്ത് എടുക്കാൻ കഴിഞ്ഞു. 54,000 കോടി രൂപ ഉണ്ടായിരുന്ന ടാക്സും നോൺ-ടാക്സും ചേർന്ന വരുമാനം 95,000 കോടിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് വലിയ അധ്വാനമാണ്.
കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരായി ഏറ്റവും ശക്തമായി നിൽക്കുന്നത് ഇടതുപക്ഷമാണ്. പിഎം ശ്രീ പദ്ധതിയിൽ നിന്നും താൽക്കാലികമായി പിന്മാറിയത് പോലുള്ള സാഹചര്യങ്ങളിൽ, വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ സർക്കാർ ബദൽ സംവിധാനങ്ങൾ കാണും.




