പുതിയ സ്കൂൾ കെട്ടിടം നിർമിക്കുന്നതിന് മണ്ണു പരിശോധന പോലും നടത്താതെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു: ഇപ്പോ പഴയതുമില്ല പുതിയതുമില്ല:വൈക്കം വെച്ചൂര്‍ ഗവ. ദേവിവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനം പ്രതിസന്ധിയിൽ: 4 കോടിയിലധികം രൂപ അനുവദിച്ചിട്ടും 3 വർഷമായി തറക്കല്ല് മാത്രം.

Spread the love

വൈക്കം: കിഫ്‌ബി ഫണ്ട്‌ മൂന്ന്‌ കോടി 90 ലക്ഷം കൂടാതെ എംഎല്‍എഫണ്ട്‌ 20 ലക്ഷവും കൂടി നല്‍കിയിട്ടും ഒരു സ്‌കൂള്‍ കെട്ടിടം പണിയാനായില്ല..
ഇതോടെ വെച്ചൂര്‍ ദേവിവിലാസം സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയിലായി. ആസൂത്രണത്തിലെ വീഴ്‌ചമൂലം തറക്കല്ലിട്ട്‌ മൂന്ന്‌ വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയാതെ വന്നതോടെ രക്ഷിതാക്കളും പ്രതിഷേധം ശക്‌തമാക്കുകയാണ്‌..

video
play-sharp-fill

വൈക്കം വെച്ചൂര്‍ ഗവ. ദേവിവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ്‌ മുറികളിലാണ്‌ ഇപ്പോള്‍ പ്ലസ്‌ വണ്‍ പ്ലസ്‌ ടൂ വിദ്യാര്‍ത്ഥികളുടെ പഠനം. അടുത്തടുത്തായുള്ള മുറികളിലെ ക്ലാസുകളും ശബ്‌ദവും മറ്റ്‌ക്ലാസ്‌ മുറികളിലും എത്തുന്നതിനാല്‍ അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതുപോലും കുട്ടികള്‍ക്ക്‌ കേള്‍ക്കാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌ ഇവിടെ . മൂന്ന്‌ വര്‍ഷം മുമ്പ് കിഫ്‌ബി 3 കോടി90 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ അഞ്ച്‌ക്ലാസ്‌ മുറികളും ശുചിമുറിയുമടക്കമുള്ള കെട്ടിടം പൊളിച്ച്‌ നീക്കിയതോടെയാണ്‌ വിദ്യാര്‍ത്ഥികളുടെ ദുരിതം തുടങ്ങിയത്‌.

2023 ഡിസംബറില്‍ ഒരു വര്‍ഷത്തിനകം പുതിയ കെട്ടിടമെന്ന പ്രഖ്യാപനവുമായി ആഘോഷപൂര്‍വ്വം സേ്‌റ്റജില്‍ തന്നെ തറക്കല്ല്‌ ഇടീലും നടത്തി. എന്നാല്‍ പണി നടത്തുന്ന കിലയുടെ ആസൂത്രണമില്ലായ്‌മ മൂലം ഇതുവരെ കെട്ടിടം പണി തുടങ്ങനായില്ലെന്നാണ്‌ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം നടത്തേണ്ട മണ്ണ്‌ പരിശോധനയും ഭാരപരിശോധനയുമടക്കം നടത്താതെയാണ്‌ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ച്‌ മൂന്ന്‌ നില കെട്ടിടം കില വിഭാവനം ചെയ്‌തത്‌. കരാറുകാരന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ഇറക്കിയ കമ്പികള്‍ തുരുമ്പെടുത്ത നശിക്കാന്‍ തുടങ്ങിയെന്ന്‌ മാത്രമല്ല പണിക്കായി നാട്ടിയ കമ്പികളും കുറ്റികളും കുട്ടികള്‍ക്ക്‌ അപകട ഭീഷണിയുമായി മാറിയെന്ന്‌ രക്ഷകര്‍ത്താക്കള്‍ പറയുന്നു.

പണി മുടങ്ങിയതോടെ 20 ലക്ഷം രൂപ സി.കെ ആശ എംഎല്‍എകൂടുതല്‍ അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ ഫണ്ട്‌ കുമിഞ്ഞ്‌ കൂടിയതല്ലാതെ കെട്ടിടം പണി നടന്നതുമില്ല. ഇതിനിടെ ക്ലാസ്‌ മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ ബാധിച്ചതോടെ സ്‌കൂളില്‍ കുട്ടികളുടെ എണ്ണവും കുറഞ്ഞു. പ്ലസ്‌ വണ്ണിന്‌ സീറ്റുകള്‍ തികയാതിരുന്ന 100 സീറ്റുകള്‍ ഉള്ള സ്‌കൂളില്‍ ഇത്തവണ 72 കുട്ടികള്‍ മാത്രമാണ്‌ എത്തിയത്‌.

നഴ്‌സറി കൂടാതെ ഒന്നു മുതല്‍ പ്ലസ്‌ ടൂ വരെ നിലവില്‍ 1050 കുട്ടികളാണ്‌ സ്‌കൂളില്‍ ഉള്ളത്‌. ഹൈസ്‌കൂളിലടക്കം കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ ഒരു കെട്ടിടം പണിയുടെ പാളിച്ച കാര്‍ഷിക മേഖലയിലെ സാധാരണക്കാരുടെ കുട്ടികളടക്കം പഠിക്കുന്ന ഒരു സ്‌കൂളിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.
ടെക്‌നിക്കല്‍ കമ്മറ്റി ഉടന്‍ കൂടിയ ശേഷം ഭാരപരിശോധന പരാജയപ്പെട്ട സാഹചര്യത്തില്‍ പുതിയ നിര്‍മ്മാണ രീതി പരീക്ഷിക്കാനാണ്‌ കിലയുടെ നീക്കം. എന്നാല്‍ കിലയുടെ പുതിയ ആസൂത്രണത്തില്‍ വിഭാവനം ചെയ്‌ത മൂന്ന്‌ നില കെട്ടിടം രണ്ട്‌ നില മാത്രമായി മാറുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്‌