
ന്യൂഡൽഹി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ വാദം കേൾക്കുന്നത് വീണ്ടും നീട്ടി ഡൽഹി ഹൈക്കോടതി. കേസിൽ കേന്ദ്ര സർക്കാരിനും എസ്എഫ്ഒയ്ക്കും വേണ്ടി അഭിഭാഷകൻ ഹാജരാകാത്തതിനാലാണ് വാദം കേൾക്കുന്നത് വീണ്ടും നീട്ടിയത്. അടുത്ത വർഷം ജനുവരി 13 നാകും കേസ് വീണ്ടും പരിഗണിക്കുന്നത്.
എസ്എഫ്ഐഒ കേസിൽ സീരിയസ് അല്ലെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. ആർഒസി (രജിസ്റ്റർ ഓഫ് കമ്പനീസ്) അന്വേഷണത്തിന്റെ റിപ്പോർട്ട് തേടി സിഎംആർഎൽ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
അതുപ്രകാരം അന്വേഷണ ഏജൻസിക്ക് നോട്ടീസ് നൽകിയ ഹൈക്കോടതി, റിപ്പോർട്ട് എഎസ്ജി വഴി നൽകണമെന്നും ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി ഇന്നുമുതൽ വാദം കേൾക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അന്തിമ വാദം വീണ്ടും നീട്ടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുൻപാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും റോസ്റ്റർ മാറിയതോടെ ഇത് പുതിയ ബെഞ്ചിന് മുന്നിൽ എത്തുകയായിരുന്നു.
അതിനിടെ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി വിശദമായ വാദത്തിന് മാറ്റിയിരിക്കുകയാണ്. അടുത്ത മാസം മൂന്നിന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുമെന്നാണ് വിവരം.
ആദായ നികുതി വകുപ്പ് സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, സിഎംആർഎൽ കമ്പനി അടക്കമുള്ളവരാണ് കേസിലെ എതിർ കക്ഷികൾ.



