ജനനേന്ദ്രിയം മുറിച്ചുമാറ്റി; ഒരു കണ്ണ് ചൂഴ്ന്ന നിലയില്‍; അഗതിമന്ദിരത്തില്‍ കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ പാസ്റ്റർ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Spread the love

തൃശൂർ: അഗതിമന്ദിരത്തിനുള്ളില്‍ കൊലക്കേസ് പ്രതിയെ ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേർ പിടിയില്‍.

പാസ്റ്റർ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂർ കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഗതിമന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമല്‍, നിതിൻ എന്നിവരാണ് പിടിയിലായത്.

വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തിലാണ് കൊലക്കേസ് പ്രതിയായ ആലപ്പുഴ അരൂർ മഞ്ചത്തറ വീട്ടില്‍ സുദർശന് (44) ക്രൂര മർദനമേറ്റത്. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദർശനെ പിടികൂടിയത്. തുടർന്ന് കൊച്ചി സെൻട്രല്‍ പൊലീസ് ഇയാളെ അഗതിമന്ദിരത്തിലെത്തിക്കുകയായിരുന്നു.

അഗതിമന്ദിരത്തില്‍ സുദർശൻ അക്രമം കാട്ടി. തുടർന്ന് മൂവരും ചേർന്ന് സുദർശനെ മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 21ന് കൊടുങ്ങല്ലൂർ നഗര മദ്ധ്യത്തില്‍ പടിഞ്ഞാറെ നട വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സുദർശനെ കണ്ടെത്തിയത്. തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.