കരൂര്‍ ദുരന്തത്തിന് ഇരകളായവരുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ടിവികെ അധ്യക്ഷനും നടനുമായ ദളപതി വിജയ്: മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച:കുടുംബങ്ങള്‍ക്ക് മുമ്പില്‍ വിജയ് കരഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Spread the love

ചെന്നൈ: കരൂര്‍ ദുരന്തത്തിന് ഇരകളായവരുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ടിവികെ അധ്യക്ഷനും നടനുമായ ദളപതി വിജയ്. മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
കരൂരില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ചെന്നൈയിലെത്താന്‍ പ്രത്യേകം ബസ് സജ്ജമാക്കിയിരുന്നു. എല്ലാ കുടുംബങ്ങളും ചെന്നൈയില്‍ എത്തിയില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വിജയ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.

video
play-sharp-fill

ഓരോ കുടുംബാംഗങ്ങളെയും പ്രത്യേകമായി വിജയ് കണ്ടു. മാധ്യമങ്ങള്‍ക്ക് സംഭവസ്ഥലത്തേക്ക് പ്രവേശനം നല്‍കിയിരുന്നില്ല. കുടുംബങ്ങള്‍ക്ക് ഉച്ച ഭക്ഷണവും ഒരുക്കിയിരുന്നു. കുടുംബങ്ങള്‍ക്ക് മുമ്പില്‍ വിജയ് കരഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ വലിയ വാഗ്ദാനങ്ങള്‍ വിജയ് കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടത്രെ. കരൂരിലേക്ക് പ്രവേശിക്കുന്നതിന് പോലീസ് അനുമതി ലഭിക്കാത്ത കാര്യം വിജയ് കുടുംബങ്ങളെ ധരിപ്പിച്ചു.

സെപ്തംബര്‍ 27നാണ് ടിവികെയുടെ പരിപാടിയില്‍ തിക്കുംതിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്. സംഭവം നടന്ന വേളയില്‍ 39 പേരും പരിക്കേറ്റ രണ്ടുപേര്‍ പിന്നീടുമാണ് മരിച്ചത്. ഇതില്‍ 37 പേരുടെ കുടുംബങ്ങള്‍ വിജയിയുടെ ക്ഷണം സ്വീകരിച്ച്‌ മഹാബലിപുരത്തെ റിസോര്‍ട്ടിലെത്തി. കരൂരില്‍ നിന്ന് ഞായറാഴ്ചയാണ് 10 ബസിലായി കുടുംങ്ങളെ കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ കുടുംബത്തില്‍ നിന്നും 4 പേര്‍ വീതം എത്തിയാല്‍ വേണ്ട സൗകര്യങ്ങള്‍ വിജയ് ഒരുക്കിയിരുന്നു. കുടുംബത്തിന് തങ്ങാന്‍ റിസോര്‍ട്ടിലെ 50 മുറികള്‍ സജ്ജമാക്കി. ഇന്ന് രാവിലെയാണ് വിജയ് കുടുംബങ്ങളെ കാണാനെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കോ ടിവികെയുടെ പ്രവര്‍ത്തകര്‍ക്കോ റിസോര്‍ട്ടിന് അകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

ടിവികെയുടെ മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് റിസോര്‍ട്ടിന് അകത്തുണ്ടായിരുന്നത്. ഓരോ കുടുംബത്തെയും വിജയ് പ്രത്യേകമായി കണ്ടു. ഇതിനിടെയാണ് ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ ഫോട്ടോകള്‍ കുടുംബാംഗങ്ങള്‍ വിജയിയെ കാണിച്ചത്. ഈ വേളയില്‍ വിജയ് കരഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ക്കും കരച്ചില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലത്രെ.

കുടുംബങ്ങള്‍ക്ക് എന്തു സഹായത്തിനും ഒപ്പമുണ്ടാകുമെന്ന് വിജയ് ഉറപ്പ് നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നേരത്തെ നല്‍കിയിരുന്നു. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും. കുടുംബത്തിലുള്ള കുട്ടികളുടെ പഠനം, ജോലി എന്നിവയ്ക്ക് വേണ്ട എല്ലാ സഹായവും ഒരുക്കുമെന്ന് വിജയ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ടിവികെയില്‍ അഴിച്ചുപണി നടത്താന്‍ വിജയ് തീരുമാനിച്ചു എന്നാണ് മറ്റൊരു വിവരം. ജനറല്‍ സെക്രട്ടറി ബുസി ആനന്ദിനെ മാറ്റിയേക്കും. ഇദ്ദേഹത്തിന് പോണ്ടിച്ചേരിയുടെ ചുമതല നല്‍കുമെന്നാണ് വിവരം. വിജയ്ക്ക് വലിയ തോതില്‍ ആരാധകരുള്ള സ്ഥലമാണ് പോണ്ടിച്ചേരി. ബുസി ആനന്ദിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കും. ചില ജില്ലാ നേതാക്കളെയും മാറ്റും. ജനങ്ങള്‍ക്കിടയില്‍ സജീവമായി ഇടപെടുന്നതില്‍ നേതാക്കളുടെ പ്രകടനം പരിശോധിച്ചാണ് പുതിയ മാറ്റങ്ങള്‍ വരാന്‍ പോകുന്നത്.