
കോട്ടയം: മഴയില്‍ കുടുങ്ങി കഞ്ഞിക്കുഴി-തിരുവഞ്ചൂര്‍ റോഡ് നിര്‍മാണം. തുക വകയിരുത്തുകയും അനുമതി ലഭിക്കുകയും ചെയ്‌തിട്ടും മഴകാരണം നവീകരണം നീളുന്നതിനാല്‍ യാത്രക്കാര്‍ വലയുകയാണ്.
തകര്‍ന്നു കിടക്കുന്ന റോഡില്‍ കഞ്ഞിക്കുഴി മുതല്‍ പാറമ്പുഴ വരെ യാത്ര കഠിനമാണ്. പല ഭാഗങ്ങളും കുഴികളായി മാറി. മഴ പെയ്‌താല്‍ കുഴി നിറഞ്ഞ് ചെളി പരക്കുന്ന അവസ്‌ഥ.
സ്വകാര്യ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന റോഡിലാണു ദുരിതയാത്ര. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുകള്‍ സ്‌ഥാപിക്കല്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. ടാറിങ് ഇളകിമാറി കുഴിയും ചരലും നിരന്നു. നഗരത്തിലെ തിരക്ക് ഒഴിവാക്കി, കഞ്ഞിക്കുഴി, തിരുവഞ്ചൂര്‍, പാലാ, മെഡിക്കല്‍ കോളേജ്, ഏറ്റുമാനൂര്‍ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് പോകുന്നതിനായി നിരവധി പേരാണ് കഞ്ഞിക്കുഴി പാറമ്പുഴ റോഡിനെ ആശ്രയിക്കുന്നത്.പാറമ്പുഴ മോസ്‌കോ ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞു.
റോഡില്‍ കല്ലുകളും മെറ്റിലും നിരന്ന നിലയിലാണ്. റോഡിലെ കുഴിയില്‍ ചാടിയുള്ള അപകടങ്ങളും പതിവാണ്. വളവുകള്‍ നിറഞ്ഞ ഭാഗത്താണ് കുഴികള്‍ ഏറെയും രൂപപ്പെട്ടിരിക്കുന്നത്.റോഡിന്റ നിര്‍മാണത്തിനായി അഞ്ചു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംരക്ഷണ ഭിത്തി ഉള്‍പ്പെടെ നിര്‍മിച്ചാണു നവീകരണം. ഇതിന്റെ ഭാഗമായുള്ള ജോലികള്‍ ഇറഞ്ഞാല്‍ ഭാഗത്തു നടക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനൊപ്പം പൈപ്പ് സ്‌ഥാപിച്ചതിനുള്ള ഡിപ്പോസിറ്റ് ജോലികള്‍ക്കുള്ള 1.36 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മഴ മാറിയാലുടന്‍ ബി.എം. ആന്റ് ബി.സി. നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എം.സി. റോഡിനെ തിരുവഞ്ചൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന മംഗളം ജങ്‌ഷന്‍ -അയ്‌മനത്തുപുഴ കടവ് റോഡിന്റെ നവീകരണം ആരംഭിച്ചതിനു പിന്നാലെ മഴയും ശക്‌തമായതിനാല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
റോഡിനായി 90 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. തകര്‍ന്നു കിടന്ന ഭാഗങ്ങള്‍ പൂര്‍ണമായി പൊളിച്ചു നീക്കിയാണ് ജോലികള്‍. ഇത്തരത്തില്‍ റോഡ് പൊളിച്ചതിനു പിന്നാലെയാണ് മഴ എത്തിയത്. മൂലേടം റെയില്‍വേ മേല്‍പ്പാലം റോഡ്, പാറേച്ചാല്‍ റോണ്ട്, വടവാതൂര്‍ ബണ്ട് റോഡ് എന്നിവയുടെ നവീകരണവും മഴമൂലം തടസപ്പെടുന്ന അവസ്‌ഥയാണ്.




