
കോട്ടയം: കോട്ടയത്തു വാഹനാപകടത്തില്‍ യുവാവ് മരിച്ചത് കൊലപാതകമാണോ എന്ന സംശയം ഉന്നയിച്ച് ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയില്‍ പി.എൻ.ജയന്റെ (43) മരണത്തിലാണ് ബന്ധുക്കള്‍ സംശയവുമായി മുന്നോട്ട് വന്നത്.
രാത്രി 10 നായിരുന്നു വയല കാട്ടാമ്പള്ളി ഭാഗത്ത് വണ്ടി തട്ടി മരിച്ച നിലയില്‍ ജയനെ സുഹൃത്തുക്കള്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ തന്നെയാണ് ജയനെ ആശുപത്രിയില്‍ എത്തിച്ചത്. ഏതോ വാഹനം തട്ടി വഴിയില്‍ കിടക്കുകയായിരുന്ന ജയനെ ആശുപത്രിയില്‍ എത്തിച്ചെന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ സുഹൃത്തിന്റെ വണ്ടി തന്നെയാണ് തട്ടിയത് എന്ന് പിന്നീട് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അങ്ങനെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തു.
മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവ സ്ഥലത്തേക്ക് പോകുന്നത്. ഇവിടെ വച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തർക്കവും കയ്യാങ്കളിയും ഉണ്ടായതായും, ഇതിന്റെ ചിത്രങ്ങള്‍ ജയന്റെ ഫോണിലുണ്ടാന്നും ബന്ധുക്കള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ജയന്റെ തലയ്ക്ക് പിന്നില്‍ അടിയേറ്റിരുന്നു. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുമുണ്ട്.
സംഭവ ദിവസം രാത്രി ഈ ഭാഗത്തു നിന്നും ജയന്റെ നിലവിളികള്‍ അയല്‍വാസികള്‍ കേട്ടതായും ബന്ധുക്കള്‍ പറയുന്നു.കാർ നെഞ്ചിലൂടെ കയറി വാരിയെല്ലു പൊട്ടിയായിരുന്നു മരണം. കാർ പിന്നോട്ട് എടുത്തപ്പോള്‍ റോഡില്‍ കിടന്ന ജയനെ കണ്ടില്ലെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ കാറിന്റെ മുൻ ചക്രങ്ങളാണ് ദേഹത്ത് കയറിയതെന്നും ടയറുകളില്‍ രക്തക്കറ ഉണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ജയൻ ഉള്‍പ്പെടെ 8 പേരാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. സുഹൃത്തുക്കള്‍ പരസ്പര വിരുദ്ധമായാണ് വിവരങ്ങള്‍ നല്‍കുന്നത്. ജയന്റെ ഫോണ്‍ കണ്ടില്ലെന്നാണ് സുഹൃത്തുക്കള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ അപകടം ഉണ്ടായ കാറില്‍ നിന്ന് ഫോണ്‍ കണ്ടെടുക്കുകയായിരുന്നു.
ജയന്റെ ഫോണിലെ പല വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു ലഭിച്ചത്. ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചെങ്കിലും എഫ്ഐആറില്‍ ഇവയൊന്നും ഉള്‍പ്പെടുത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ജയന്റെ ഫോണ്‍ പരിശോധിക്കാൻ പൊലീസ് തയ്യാറായതും ഇല്ല. മരിക്കുന്നതിന് തൊട്ടു മുൻപ് അമ്മ ശാരദ ജയനെ വിളിച്ചിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ വീട്ടിലെത്തുമെന്നാണ് ജയൻ അറിയിച്ചത്. 16 ദിവസം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.
സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്യുകയോ ആരോപണങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ജയൻ അവിവാഹിതനാണ്. അമ്മ ശാരദയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അമ്മ ശാരദ നാരായണൻ, ജയന്റെ സഹോദരങ്ങളായ പി.എൻ.പ്രസാദ്, പി.എൻ.വിനോദ്, സഹോദര ഭാര്യ സന്ധ്യ എന്നിവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതി പാലാ ഡിവൈഎസ്പിക്ക് കൈമാറിയതായി എസ്പി അറിയിച്ചു.




