കണ്ണൂർ മുൻ എഡിഎം കെ. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു: കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവരാണ് എതിർകക്ഷികള്‍

Spread the love

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം കെ. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു.
കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവരാണ് എതിർകക്ഷികള്‍. ഹർജി പത്തനംതിട്ട സബ്‌കോടതി ഫയലില്‍ സ്വീകരിച്ചു.

video
play-sharp-fill

ദിവ്യയ്ക്കും പ്രശാന്തിനും സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11-ന് ഹാജരാകാനാണ് കോടതി നിർദേശം.
2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തലേദിവസം കണ്ണൂർ കളക്ടറേറ്റില്‍ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്ബോള്‍ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നതാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. അത് തെളിയിക്കാൻ അയാള്‍ തയ്യാറായതുമില്ല. ഇതെല്ലാമാണ് പ്രശാന്തന്റെ പേരിലുള്ള ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ബാറിലെ അഭിഭാഷകനായ അജിത്ത് പ്രഭാവ് വഴിയാണ് ഹർജി ഫയല്‍ചെയ്തിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം കണ്ണൂർ കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.
കുറ്റപത്രത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി, നവീന്റെ ഭാര്യ മഞ്ജുഷയും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിക്ക് രക്ഷപ്പെടാൻ ഉതകുന്ന സാക്ഷിമൊഴികള്‍ കുറ്റപത്രത്തിലുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ ഈ ഹർജിയിലൂടെ ഉന്നയിച്ചിരുന്നു. ഈഹർജി ഡിസംബറില്‍ സെഷൻസ് കോടതി പരിഗണിക്കും.

പ്രശാന്തൻ ഉള്‍പ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നവീൻ ബാബുവിന്റെ സഹോദരൻ, കണ്ണൂർ ടൗണ്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല. പ്രശാന്തന്റെ പെട്രോള്‍ പമ്പ് അനുമതിക്കായുള്ള അപേക്ഷ സംബന്ധിച്ചാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചതും തുടർന്നുള്ള സംഭവങ്ങള്‍ ഉണ്ടായതും. പ്രശാന്തനും ദിവ്യയും അടക്കമുള്ളവർ നടത്തിയ ഗൂഢാലോചനയാണ് വെളിച്ചത്തുവരേണ്ടതെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹർജിയില്‍ കാണിച്ചിട്ടുണ്ട്. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസില്‍ കിട്ടിയിട്ടില്ലെന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.