
കോട്ടയം: അധിക സീറ്റില്‍ ആര്?. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്കു കടക്കുന്ന മുന്നണികള്‍ക്കു തലവേദനയാകുകയാണു വാര്‍ഡ് പുനര്‍ നിര്‍ണയത്തെത്തുടര്‍ന്നു വന്ന അധിക സീറ്റുകള്‍.
മുന്നണികളിലെ പ്രമുഖ കക്ഷികളും ഘടക കക്ഷികളും ഒരുപോലെ അധികം വരുന്ന സീറ്റില്‍ അവകാശ വാദം ഉന്നയിച്ചു തുടങ്ങി. കാലങ്ങളായി തുടര്‍ന്നു വന്ന സീറ്റ് വിഭജന സമവാക്യങ്ങള്‍ മാറുന്നതോടെ സ്‌ഥാനാര്‍ഥി നിര്‍ണയം പല പഞ്ചായത്തുകളിലും നഗരസഭകളിലും ജില്ലാ പഞ്ചായത്തിലുമൊക്കെ കീറാമുട്ടിയാകും.
ജില്ലാ പഞ്ചായത്തില്‍ തലനാട് ഡിവിഷന്‍ കൂടി വന്നതോടെ ആകെ ഡിവിഷനുകള്‍ 23 ആയി.യു.ഡി.എഫില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് 13 സീറ്റിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒമ്പതു സീറ്റിലും മത്സരിച്ചു. എല്‍.ഡി.എഫില്‍ സി.പി.എം -9, കേരളാ കോണ്‍ഗ്രസ് – എം -9, സി.പി.ഐ -4 എന്നിങ്ങനെയാണ് മത്സരിച്ചത്. യു.ഡി.എഫില്‍ തലനാട് കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.
എന്നാല്‍, പാലാ, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലായി ഉള്‍പ്പെടുന്ന സീറ്റില്‍ കേരളാ കോണ്‍ഗ്രസിനു താൽപര്യമുണ്ട്. തലനാട് ലഭിച്ചില്ലെങ്കിലും ജില്ലാ പഞ്ചായത്തില്‍ മത്സരിക്കണമെന്നതു മുസ്ലീംലീഗിന്റെ കാലങ്ങളായുള്ള മോഹമാണ്.
ജില്ലാ പഞ്ചായത്ത് സീറ്റ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുസ്ലീം ലീഗ് സീറ്റ് ആവശ്യപ്പെട്ടാലും നല്‍കാനുള്ള സാധ്യതയില്ല. കേരളാ കോണ്‍ഗ്രസിനു കഴിഞ്ഞ തവണ മത്സരിച്ച മുഴുവന്‍ സീറ്റുകളും നല്‍കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞ തവണ ഒമ്പതു സീറ്റില്‍ മത്സരിച്ചപ്പോള്‍ രണ്ടു സീറ്റില്‍ മാത്രമാണു ജോസഫ് വിഭാഗത്തിനു ജയിക്കാനായത്. പരമാവധി സീറ്റില്‍ മത്സരിക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ രംഗത്തുണ്ടാകണമെന്നുമാണു കോണ്‍ഗ്രസ് തീരുമാനം.
എല്‍.ഡി.എഫില്‍ തലനാട് സീറ്റിനായി കേരളാ കോണ്‍ഗ്രസ് (എം) അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
മണ്ഡലത്തിന്റെ രാഷ്‌ട്രീയ സാഹചര്യം പാര്‍ട്ടിയ്‌ക്ക് അനുകൂലമാണെന്നാണു നേതാക്കളുടെ വാദം. ആവശ്യം എല്‍.ഡി.എഫ്. അംഗീകരിച്ചേക്കും. അതേസമയം, കഴിഞ്ഞ തവണ പാര്‍ട്ടികള്‍ മത്സരിച്ച സീറ്റുകള്‍ മാറിയേക്കും. കഴിഞ്ഞ തവണ
മത്സരിച്ചതിനേക്കാള്‍ കൂടിയ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കുന്നതിനെ സി.പി.ഐ. എതിര്‍ക്കും. തങ്ങളേക്കാള്‍ കേരളാ കോണ്‍ഗ്രസിനു മത്സരിക്കാനുള്ള സീറ്റ് കൂടുന്നതില്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിനും അമര്‍ഷമുണ്ട്. എന്‍.ഡി.എയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച്, ശക്‌തമായ മത്സരത്തിനാണു ബി.ജെ.പിയുടെ ശ്രമം.



