
മുണ്ടക്കയം : വർഷം 9 കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി നിർമ്മിച്ച വിശ്രമകേന്ദ്രത്തിന് കാടുകയറാനാണ് വിധി. ശബരിമല തീർത്ഥാടനത്തിന് ഒരുമാസം ശേഷിക്കെ ദുരിതത്തിലാകുന്നത് പരമ്പരാഗത കാനനപാത വഴിയെത്തുന്ന തീർത്ഥാടകരാണ്.
പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും വിശ്രമിക്കാനും സ്വകാര്യ ഇടത്താവളങ്ങളാണ് ശരണം. കോരുത്തോടിന് സമീപം അഴുതയാറിന്റെ തീരത്ത് ബ്ലോക്ക് പഞ്ചായത്ത് വികേന്ദ്രീയാസൂത്രണ പദ്ധതി പ്രകാരമാണ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 36 സെന്റ് സ്ഥലത്ത് ഇടത്താവളം നിർമ്മിച്ചത്.
ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 12.5 ലക്ഷവും, ഗ്രാമപഞ്ചായത്തിന്റെ 2.5 ലക്ഷവും രൂപയും ഉള്‍പ്പെടെ 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. രണ്ട് ഹാളുകളും, നാല് ശൗചാലയങ്ങളും ഒരുക്കിയിരുന്നു. നിർമ്മാണത്തിന് ശേഷം തുറന്നിട്ടിരുന്ന ബാത്ത് റൂമുകളിലെ ഉപകരണങ്ങള്‍ നശിച്ച നിലയിലാണ്. കെട്ടിടം അനാഥമായതോടെ മദ്യപാനികളുടെയും ചീട്ടുകളിസംഘത്തിന്റെയും കേന്ദ്രമാണിത് ഇപ്പോള്‍. ജീപ്പ് മാത്രം കടന്നുപോകാവുന്ന വഴിയില്‍ ബസുകള്‍ ഇറങ്ങണമെങ്കില്‍ ഇനിയും സ്ഥലം ഏറ്റെടുക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരസ്പരം പഴിചാരലും, അഴിമതിക്കഥകളും
എസ്റ്റിമേറ്റ് പ്രകാരമുള്ള നിർമ്മാണം പൂർത്തിയാക്കി കെട്ടിടം പഞ്ചായത്തിന് വിട്ട് നല്‍കി എന്നാണ്‌ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാല്‍ കെട്ടിടം ഇപ്പോഴുംബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണെന്ന് പഞ്ചായത്ത് പറയുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ നടത്തിയ കെട്ടിട നിർമ്മാണത്തില്‍ അഴിമതിയുണ്ടെന്നും എല്‍.ഡി.എഫ്‌നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി ആരോപിച്ചിരുന്നു.
കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ ബസ് സ്റ്റാൻഡ് നിർമ്മിക്കാനാണ് 2005 ല്‍ സ്ഥലം വാങ്ങിയതെങ്കിലും അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം വരെയെത്തി. ഇവിടേയ്ക്കുള്ള പൊതുവഴിക്കായി പഞ്ചായത്ത് വീണ്ടും പണം നല്‍കി ഒൻപത് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇതിനിടെയാണ് യു.ഡി.എഫ് നേതൃതത്വം നല്‍കുന്ന ബ്ലോക്ക് ഭരണസമിതി തീർത്ഥാടക വിശ്രമകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.
”അധികൃതർ തമ്മിലുള്ള രാഷ്ട്രീയ വടംവലി ഉപേക്ഷിച്ച് ഇക്കുറിയെങ്കിലും കെട്ടിടം വൃത്തിയാക്കി തീർത്ഥാടകർക്കായി തുറന്ന് നല്‍കണം.
പക്ഷെ ഇക്കുറിയും നടപടി ഉണ്ടാകില്ലെന്നാണ് സൂചന.



