
ഇടുക്കി: ഒരായുസ്സിൻ്റെ സമ്പാദ്യങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ടതിൻ്റെ ദുരിതത്തിലാണ് പ്രദേശവാസികൾ. ഇനി എങ്ങോട്ട് പോകണമെന്ന് അറിയാൻ പാടില്ലാത്ത, ആരോട് ചോദിക്കണമെന്ന് അറിയാൻ പാടില്ലാത്ത ഒരു അവസ്ഥയിലാണ് തങ്ങൾ കഴിയുന്നതെന്ന് ഇവർ പറയുന്നു.
അടിമാലിക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിന്റെ ഭീതിയൊഴിയാതെ പ്രദേശവാസികൾ.
ശനിയാഴ്ച രാവിലെ 10:00 മണി മുതൽ തന്നെ ഇവിടെയുള്ളവരെ മാറ്റാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിരുന്നു. ദുരന്തസാധ്യത കണക്കിലെടുത്ത് നോട്ടീസ് എല്ലാവർക്കും നൽകിയിരുന്നു. നോട്ടീസ് കിട്ടിയ ഉടന പ്രദേശവാസികൾ മാറി തുടങ്ങിയിരുന്നുവെന്നും മണ്ണിടിച്ചിലിൽ മരിച്ച ബിജു സാധനം എടുക്കാൻ വേണ്ടി വന്നപ്പോഴാണ് അപകടം പറ്റിയതെന്നാണ് വിവരം.
തങ്ങളുടെ ഒരു ജന്മം തന്നെ പാഴായിപ്പോയിയെന്നും, ഈ അവസ്ഥ ഒരിക്കലും സഹിക്കാൻ പറ്റില്ലെന്നും പ്രദേശവാസിയായ സ്ത്രീ പറയുന്നു. കാതും കഴുത്തും പറിച്ച് ഉണ്ടാക്കിയെടുത്തതാണ് ഈ വീടുകളും ജീവിതവും. മക്കൾ ജനിച്ച് ജീവിച്ച ഇടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, തങ്ങൾക്ക് കേവലം അമ്പതിനായിരം രൂപ മാത്രമാണ് ലഭിച്ചതെന്നും അവർ പരാതിപ്പെടുന്നു. ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് ഇനി ഇവിടെ താമസിക്കാൻ പേടിയാണെന്നും, ഇനി ജീവിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും, തങ്ങൾക്ക് ജീവിക്കണമെന്നില്ലെന്നും അവർ കണ്ണീരോടെ പറയുന്നു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് താമസിച്ചിരുന്ന 22 കുടുംബങ്ങളെ അടിമാലി ഗവൺമെന്റ് സ്കൂളിൽ തുറന്ന ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. അതിനാൽ തന്നെ വലിയ ദുരന്തം ഒഴിവായതായി നാട്ടുകാർ പറയുന്നു.
ആലുവ-മൂന്നാർ ദേശീയപാതയിൽ കഴിഞ്ഞദിവസം മണ്ണിടിഞ്ഞ സ്ഥലത്തിന് സമീപം ശനിയാഴ്ച രാത്രി 10.45-നാണ് അപകടമുണ്ടായത്. പ്രദേശത്ത് കുറച്ചു ദിവസങ്ങളായി മണ്ണിടിച്ചിൽ തുടർച്ചയായി ഉണ്ടാകുന്നുണ്ടായിരുന്നു.




