
ഇടുക്കി: അടിമാലി കൂമ്പൻപാറയിലെ അപകടാവസ്ഥ മുൻനിർത്തി 22 കുടുംബങ്ങളെ ഇന്നലെ രാവിലെ മാറ്റിപ്പാര്‍പ്പിച്ചത് തുണയായി. ലക്ഷംവീട് ഉന്നതിയിലെ വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഏതാണ്ട് പന്ത്രണ്ട് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞു വീണിട്ടുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
ആറ് വീടുകൾ തകർന്നതായും വിവരമുണ്ട്. കഴിഞ്ഞ് മൂന്ന് ദിവസമായി പലതവണ മേഖലയിൽ മണ്ണിടിഞ്ഞിരുന്നു. ദേശീയ പാതക്കായി മണ്ണ് മാറ്റിയ സ്ഥലത്ത് വലിയ വിള്ളലും രൂപപ്പെട്ടു. ദേശീയപാത നിർമാണത്തിന്‍റ ഭാഗമായി പലയിടത്തും അശാസ്ത്രീയമായി വൻതോതിൽ മണ്ണ് നീക്കിയത് അപകടഭീഷണി ഉയർത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യം പരിശോധിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. അപകടം നടന്ന സ്ഥലത്ത് ദേശീയ പാതക്കായി വീതികൂട്ടുന്ന പ്രവർത്തികള്‍ പുരോഗമിക്കുകയായിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്ന് ദിവസമായി ഈ വഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. റവന്യു അധികൃതരുടെ കർശന നിർദേശത്തെത്തുടർന്നാണ് ലക്ഷം വീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി മുൻകരുതൽ നടപടി സ്വീകരിച്ചത്.
രേഖകളെടുക്കാൻ വീട്ടിലെത്തിയ ദമ്പതികളായ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. രാത്രിയിൽ ആറുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ ബിജുവിനെയും സന്ധ്യയെയും പുറത്തെടുത്തെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല.
സന്ധ്യയെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കോൺക്രീറ്റ് പാളികൾക്ക് ഇടയിൽപ്പെട്ട അവസ്ഥയിൽ ആയിരുന്നു.സന്ധ്യയെ രക്ഷാപ്രവർത്തകർ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ രാജഗിരി ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇന്നലെ രാത്രി പത്തുമണിക്കുശേഷമാണ് അപകടം ഉണ്ടായത്.




