
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ കുർണൂലില്‍ ബസ് തീപിടിച്ച് കത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരങ്ങള്‍ പുറത്ത്. വിതരണത്തിനായി കൊണ്ടുപോകുകയായിരുന്ന 234 സ്മാർട്ട് ഫോണുകള്‍ ബസിലുണ്ടായിരുന്നുവെന്നും ഇതിന്റെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നുമാണ് ആദ്യ പരിശോധനയില്‍ പുറത്ത് വരുന്ന വിവരം.
തീ പടർന്ന് പിടിച്ചതോടെ ഈ ഫോണുകളുടെ ബാറ്ററികളും പൊട്ടിത്തെറിച്ചു. ഇതോടെ അപകടത്തിന്റെ വ്യാപ്തി വർധിച്ചുവെന്നാണ് ഫോറൻസിക് വിദഗ്ധരുടെ സംശയം. 19 യാത്രക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
46 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകള്‍ ഹൈദരാബാദിലെ മംഗനാഥ് എന്ന വ്യവസായി ബെംഗളൂരുവിലെ ഒരു ഇ-കൊമേഴ്സ് കമ്ബനിയിലേക്ക് കൊറിയർ അയച്ചതായിരുന്നു. ഇവിടെ നിന്നും കസ്റ്റമേഴ്സിന് വിതരണം ചെയ്യേണ്ടതായിരുന്നു ഫോണുകള്‍. തീ പടർന്നപ്പോള്‍ ഫോണുകളിലെ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്മാർട്ട് ഫോണ്‍ പൊട്ടിത്തെറിക്കൊപ്പം, ബസിലെ എയർ കണ്ടീഷനില്‍ ഉപയോഗിച്ച ഇലക്ട്രിക് ബാറ്ററികളും അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണമായിട്ടുണ്ടാകുമെന്നാണ് പരിശോധന നടത്തിയ ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡയറക്ടർ ജനറല്‍ പി. വെങ്കടരമണൻ പറയുന്നത്.
ബസിനുള്ളിലെ അലുമിനിയം ഷീറ്റുകള്‍ പോലും ഉരുകിപ്പോയ നിലയിലായിരുന്നു. ബസിന്റെ മുൻഭാഗത്ത് ഇന്ധന ചോർച്ച ഉണ്ടായതാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമികമായ നിഗമനം.
അപകടത്തില്‍ ഒരു ബൈക്ക് ബസിനടിയില്‍ കുടുങ്ങിയതോടെ റോഡിലുരഞ്ഞ് തീപ്പൊരിയുണ്ടായി. ഇതോടെ തീ പെട്ടന്ന് പടർന്നുപിടിച്ചു. സ്മാർട്ട്ഫോണ്‍ ശേഖരത്തിന്റെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചത് കൂടിയായതോടെ തീ അതിവേഗം ആളിപ്പടർന്ന് ബസ് മുഴുവൻ വ്യാപിച്ചുവെന്നാണ് വിലയിരുത്തലെന്നും ഫയർ സർവീസസ് ഡയറക്ടർ വ്യക്തമാക്കി.



