ശബരിമല സ്വർണക്കവർച്ച : പ്രധാന പ്രതി.മുരാരി ബാബുവിന് പെരുന്നയിൽ 2 കോടിയുടെ വീട്: പണം എവിടെ നിന്ന് ? അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം: ശബരിമല സ്വർണത്തട്ടിപ്പ് നടന്ന സമയത്തായിരുന്നു മുരാരിയുടെ വീട് നിർമാണം : ക്ഷേത്രനിർമാണത്തിനെന്നു പറഞ്ഞ് തടി വാങ്ങിയതായി സൂചന.

Spread the love

ചങ്ങനാശേരി: ശബരിമല സ്വർണക്കവർച്ചക്കേസിലെ പ്രധാന പ്രതികളിലൊരാളായ മുരാരി ബാബുവിന്റെ പെരുന്നയിലെ വീടിന്റെ നിർമാണത്തിനായുള്ള സാമ്പത്തികസ്രോതസ്സ് സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

ക്ഷേത്രപ്പണികള്‍ക്കായി ആവശ്യപ്പെട്ടതെന്ന പേരില്‍ തേക്കുതടികള്‍ അനധികൃതമായി വീടുപണിയ്‌ക്ക് ഉപയോഗിച്ചതെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്.
വനം വകുപ്പിന്റെ കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിലേക്കാണ് ആദ്യം തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങള്‍ക്കും ദേവസ്വം ഗെസ്റ്റ് ഹൗസിനും വേണ്ടി തേക്കുതടി ആവശ്യപ്പെട്ടത്. അവിടെ സ്റ്റോക്ക് ഇല്ലെന്ന വിവരം ലഭിച്ചതോടെ പരിചയക്കാരന്റെ ഡിപ്പോ വഴി തടി ഏർപ്പാടാക്കാൻ മുരാരി ബാബു ആവശ്യപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല്‍ ഈ കാലയളവില്‍ തിരുനക്കരയിലോ ഏറ്റുമാനൂരിലോ ഇത്രയും തടിപ്പണികള്‍ നടന്നിട്ടില്ലെന്ന് ദേവസ്വം മരാമത്ത് വകുപ്പ് ഉറപ്പിച്ചു.

എറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറേനടയിലെ കട്ടിള മാറ്റാനുള്ള പദ്ധതിക്കായി കൊണ്ടുവന്നതടിയും ഉപയോഗിക്കപ്പെടാതെ പോയതായി അധികൃതർ വ്യക്തമാക്കി. ഉപദേശക സമിതിയുടെ എതിർപ്പിനെ തുടർന്ന് പണി നിർത്തിവച്ചിരുന്നു.
പെരുന്നയില്‍ 2019-നു ശേഷമാണ് മുരാരി ബാബു രണ്ടുനിലകളുള്ള വലിയ വീടിന്റെ നിർമാണം ആരംഭിച്ചത്. ഏകദേശം ഒന്നരവർഷത്തിനകം പണി പൂർത്തിയായി. വീടിന് 2 കോടിയോളം രൂപ ചെലവായതായി കണക്കാക്കപ്പെടുന്നു. വീടിന്റെ അകത്തളങ്ങളില്‍ വിലപിടിപ്പുള്ള തടി ഉരുപ്പടികള്‍ ഉപയോഗിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയില്‍ നിന്ന് സ്വർണപ്പാളികള്‍ കടത്തിയ കാലയളവിലും വീടുപണിയും ഒരേ സമയത്തായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പെരുന്നയിലെ വീട്ടില്‍ സംഘം പരിശോധന നടത്തി. ബുധനാഴ്ച രാത്രിയിലാണ് മുരാരി ബാബുവിനെ ഈ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
പെരുന്നയില്‍ ബാലകൃഷ്ണൻ പിള്ള (ബാലൻപിള്ള) എന്ന സാധാരണ വ്യാപാരിയുടെ മകനായാണ് മുരാരി ബാബു ജനിച്ചത്. പ്രീഡിഗ്രി വിദ്യാഭ്യാസം നേടിയ അദ്ദേഹം ആദ്യം സിപിഎം പ്രവർത്തകനായി രംഗത്തെത്തി. പിന്നീട് സിപിഎം ദേവസ്വം എംപ്ലോയീസ് യൂണിയൻ നേതാവായി.

മുരാരി ബാബു മുൻ പെരുന്ന എൻഎസ്എസ് കരയോഗം പ്രസിഡന്റും ജനറല്‍ സെക്രട്ടറി സുകുമാരൻ നായരുടെ വിശ്വസ്തനുമായിരുന്നു. മുൻ എൻ.ഡി.എ. മന്ത്രിയും എൻ എസ് എസ് നേതാവുമായ എൻ. ഭാസ്കരൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോള്‍ മുരാരി ബാബുവിനെ പ്രസിഡന്റിന്റെ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട താത്കാലിക പോസ്റ്റില്‍ നിയമിച്ചു.ഭാസ്കരൻ നായറുടെ കാലാവധി അവസാനിക്കുമ്ബോള്‍ തന്നെ ദേവസ്വം ബോർഡില്‍ സ്ഥിരം ജീവനക്കാരനായി നിയമനം ലഭിച്ചു.

സുരക്ഷാ ജീവനക്കാരനായി തുടങ്ങി രാഷ്‌ട്രീയ ബന്ധങ്ങളും എൻ എസ് എസ് പിന്തുണയും മുതലെടുത്ത് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്തേക്കുയർന്ന മുരാരി ബാബു, ഇന്ന് കോടികളുടെ ആസ്തിയുടെ ഉടമയാണ്. ശബരിമല ശ്രീകോവില്‍ കട്ടിള, ദ്വാരപാലക ശില്‍പ്പം, ഏറ്റുമാനൂരിലെ ഏഴരപൊന്നാന എന്നിവയുമായി ബന്ധപ്പെട്ട സ്വർണക്കവർച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ അന്വേഷണസംഘം ശേഖരിക്കുകയാണ്.