
വൈക്കം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ഒക്ടോബർ 27 ന് ആരംഭിക്കും. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം രാവിലെ 8 ന് ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും . ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ ഭഗവാന്റെ തങ്ക തിടമ്പേറ്റും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിക്കും . വൈകിട്ട് 8 ന് വിളക്കെഴുന്നള്ളിപ്പും ഉണ്ടാവും.
രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകൾ.
ദേവസ്വം ഭാരവാഹികളും ഭക്തരും ഉൽസവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യ വേല . ചടങ്ങുകൾക്ക് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ.എസ്. വിഷ്ണു നേതൃത്വം നൽകും.
തിരുവിതാംകൂർ മഹാരാജാവ് ചേർത്തല ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോൾ അതിൽ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വർഷം തോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിയിരുന്ന ചടങ്ങാണ് പുള്ളി സന്ധ്യ വേല . ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തരമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ സന്ധ്യ വേലയുടെ കോപ്പുതുക്കൽ നവംബർ 3 നും മുഖ സന്ധ്യ വേല നവംബർ 4 മുതൽ 7 വരെ തുടർച്ചയായി നാലു ദിവസങ്ങളിലും നടക്കും.
സമൂഹ സന്ധ്യ വേല 26 ന് തുടങ്ങും. 26ന് വൈക്കം സമൂഹം 28 ന് തെലുങ്ക് സമൂഹം 29 ന് തമിഴ് വിശ്വബ്രഹ്മസമാജം 30 ന് വടയാർ സമൂഹവുമാണ് സന്ധ്യ വേല നടത്തുന്നത്.
30 ന് കൊടിയേറ്ററിയിപ്പ് , വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ ,കുലവാഴ പുറപ്പാട് എന്നി ചടങ്ങുകളും നടത്തും.
വൈക്കത്തഷ്ടമിയുടെ കൊടിയേറ്റ് ഡിസംബർ 1 ന് രാവിലെ 6.30 നും 7.30 നും ഇടയിലാണ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 12 നാണ്. 13 നു ആറാട്ടും 14 ന് മുക്കുടി നിവേദ്യവും നടക്കും.
ഉദയനാപുരം സുബ്രമ്മണ്യ ക്ഷേത്രത്തിൽ നവം 26 ന് രാവിലെ 6.30 നും 7.45 നും ഇടയിലാണ് കൊടിയേറ്റ് . തൃക്കാർത്തിക ഡിസംബർ 4 ന് . 5 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും



