
ബെംഗളൂരു: ഹൈദരാബാദിലെ കർണൂലില്‍ ബസിന് തീപിടിച്ച് വൻ ദുരന്തം. ബെംഗളൂരു- ഹൈദരാബാദ് ഹൈവേയില്‍ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന ഒരു സ്വകാര്യ വോള്‍വോ ബസിന് തീപിടിച്ച് 25 ലധികം പേർ മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ 3.30ഓടെ കർണൂല്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപമാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സിന്റെ ബസിലായിരുന്നു അപകടം. അപകടം നടന്നത് അതിവേഗത്തില്‍ തീ പടർന്നതോടെയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബസ് പൂർണമായും കത്തിനശിച്ചു.
ബസില്‍ ആകെ 42 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകള്‍. തീ പടർന്നതോടെ ഭീതിയിലായ യാത്രക്കാർ ജനാലകള്‍ തകർത്തിറങ്ങാൻ ശ്രമിച്ചു. അതിലൂടെ 12 പേർക്ക് മാത്രമാണ് ജീവനോടെ രക്ഷപ്പെടാനായത്. തീ കത്തിത്തുടങ്ങുന്നതോടെ സമീപവാസികള്‍ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും തീയുടെ വ്യാപനം കാരണം പലർക്കും രക്ഷപ്പെടാനായില്ല. അഗ്‌നിശമന സേന സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിയിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീപിടിത്തത്തില്‍ പരിക്കേറ്റവരെ കർണൂല്‍ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ടവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അപകട സമയത്ത് ബസിന്റെ ഡ്രൈവറും ക്ലീനറും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. കർണൂല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



