കുറവിലങ്ങാട് സ്വദേശിയെ ഭാര്യ കെട്ടിയിടിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു: സംഭവം ജയ്പൂരിൽ; ഭാര്യയ്ക്ക് മാനസിക രോഗമെന്ന് പൊലീസ്
ക്രൈം ഡെസ്‌ക്
ജയ്പൂർ: ഉറങ്ങാൻ കിടന്ന കുറവിലങ്ങാട് വയല സ്വദേശിയെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആത്മഹത്യയെന്ന് എഴുതി തള്ളാൻ ഇടയാക്കുമായിരുന്ന കേസിൽ നിർണ്ണായക ഇടപെടൽ നടത്തിയത് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയായിരുന്നു. മരണത്തിൽ സംശയം ഉന്നയിച്ച് യുവാവിന്റെ ഭാര്യയ്ക്കെതിരെ മരിച്ച സാനുവിന്റെ സഹോദരി പരാതി നൽകിയതോടെയാണ് കേസിൽ അന്വേഷണം ഊർജിതപ്പെടുത്തിയത്. വയലാ മുണ്ടിയാനിയിൽ സാനു ജോണി(33)ആണു ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഭാര്യ റാന്നി സ്വദേശി അന്നു തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാനുവിനെ ഭാര്യ കെട്ടിയിട്ടു പെട്രോളൊഴിച്ചു തീ കൊളുത്തിയെന്നാണു ബന്ധുക്കളുടെ പരാതി. അതേസമയം അന്വഷണം പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ചൊവ്വ രാത്രി മഹനമണ്ഡിക്കു സമീപം സാനുവിന്റെ ഭാര്യാപിതാവിന്റെ വീട്ടിലാണു സംഭവം. അന്നാണ് ഇവർ അവധിക്കുശേഷം കോട്ടയത്തുനിന്നു ജയ്പുരിലെത്തിയത്. ഇവരുടെ നാലും രണ്ടും വയസ്സുള്ള കുട്ടികളും സാനുവിന്റെ സഹോദരിയും വീട്ടിലുണ്ടായിരുന്നു. സഹോദരിയുടെ പരാതിയിലാണു പൊലീസ് കേസെടുത്തത്. അന്വേഷണം നടക്കുന്നുവെന്നും അന്നുവിനു മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്നും നാരായൺ വികാസ് മഹന മണ്ഡി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയ്പുരിലെ സ്വകാര്യ അശുപത്രിയിൽ നഴ്സുമാരാണ് സാനുവും അന്നുവും. 2013ലാണ് ഇവരുടെ വിവാഹം. മൃതദേഹം ഇന്നലെ രാത്രി വയലായിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്നു 10ന് സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: സാൻവി, അൻവി.