
കോട്ടയം: തെരഞ്ഞെടുപ്പിന് മുമ്പായി യു.ഡി.എഫ്. വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കണ്‍വീനര്‍ അടൂര്‍ പ്രകാശും ആവര്‍ത്തിക്കുന്നതിനിടെ ജോസ് കെ.മാണി വിഭാഗം യു.ഡി.എഫിലെത്തുന്നത് തടയാന്‍ ജോസഫ് വിഭാഗം.
മാണി വിഭാഗമില്ലാതെ തന്നെ യു.ഡി.എഫ്. ശക്തമാണെന്നു തെളിയിക്കാന്‍ ബഹുജനസംഗമവുമായി ജോസഫ് വിഭാഗം സജീവമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ യു.ഡി.എഫിലേക്ക് പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നുവരാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിലെത്തിക്കുന്നതിനുള്ള ചില ചര്‍ച്ചകള്‍ യു.ഡി.എഫ്. നേതാക്കള്‍ നടത്തിയിരുന്നു.
എന്നാല്‍, ഒരു കാരണവശാലും മുന്നണി വിടില്ലെന്നു പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനുമടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു തിരിച്ചടി നേരിട്ടാല്‍ ജോസ് കെ.മാണി വിഭാഗം യു.ഡി.എഫിലെത്തുന്നതിനുള്ള വഴിയൊരുങ്ങുമെന്ന വിലയിരുത്തലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. ഇതിനിടെയാണു മാണി വിഭാഗമില്ലാതെതന്നെ കരുത്തുണ്ടെന്നു തെളിയിക്കാന്‍ ജോസഫ് വിഭാഗമൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ക്കും ജനദ്രോഹ നടപടികള്‍ക്കും എതിരേ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 25നു കോട്ടയത്ത് ബഹുജനസംഗമം സംഘടിപ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തില്‍ ശാശ്വത പരിഹാരം കാണുക, കര്‍ഷകരുടെ ദുരിതം പരിഹരിക്കുക, വന്യജീവി ആക്രമണങ്ങള്‍ക്കു പരിഹാരം കാണുക, തുടങ്ങിയ ആവശ്യങ്ങളാണു പാര്‍ട്ടി ബഹുജനസംഗമത്തില്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. ഉച്ചകഴിഞ്ഞു മൂന്നിനു തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്ത് നടക്കുന്ന സംഗമം പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
വര്‍ക്കിങ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിക്കും. കേരള കോണ്‍ഗ്രസ് (എം) ഇല്ലാതെതന്നെ യു.ഡി.എഫ്. ശക്തമാണെന്നു പലവട്ടം തെളിഞ്ഞതാണെന്നു മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു. മാണി ഗ്രൂപ്പ് യു.ഡി.എഫ്. വിട്ടശേഷം നടന്ന ലോക്സഭാ തെരഞ്ഞടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. മികച്ച വിജയമാണ് നേടിയത്. ഈ സാചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
അതിനാല്‍ മാണി ഗ്രൂപ്പിനെ ഇപ്പോള്‍ ക്ഷണിച്ചു കൊണ്ടുവരേണ്ട സാചര്യമില്ലെന്നും എല്‍.ഡി.എഫില്‍ തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവര്‍ ആദ്യം വ്യക്തമാക്കട്ടെയെന്നും അതിനുശേഷം ആലോചിക്കാമെന്നും മോന്‍സ് വ്യക്തമാക്കി.



