
കണ്ണൂർ: കണ്ണൂരിൽ കടവരാന്തയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തോട്ടട സമാജ് വാദി നഗറിലെ ഷെല്‍വിയെയാണ് (50) ഇന്നലെ രാവിലെ പാറക്കണ്ടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായി പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം സ്വദേശിയായ ശശി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ ശെല്‍വിയെ ഇയാളോടൊപ്പം കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളിലും ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നഗരത്തില്‍ ആക്രി ശേഖരിച്ച് വില്‍ക്കുന്നയാളായിരുന്നു ഷെല്‍വി. രാത്രികാലങ്ങളില്‍ കടവരാന്തയിലാണ് ഉറങ്ങാറ്. ആക്രി പെറുക്കി ജീവിക്കുന്ന ശശി കുറച്ചു കാലമായി ഷെല്‍വിക്കൊപ്പമായിരുന്നു. തിങ്കളാഴ്ച രാത്രി ലൈംഗീകാതിക്രമത്തെ തുടർന്ന് ഇവർ തമ്മില്‍ തർക്കമുണ്ടായി. ഇതിനിടെ ശശി ഷെല്‍വിയുടെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച ശേഷം സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







