
മലപ്പുറം:എളങ്കൂർ ചാരങ്കാവിൽ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ചുള്ളിക്കുളത്ത് മൊയ്തീനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പ്രതി പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ വിശദമായ ചോദ്യം ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ വി.പ്രതാപ് കുമാർ പറഞ്ഞു.
പോരൂർ ചാത്തങ്ങോട്ടുപുറം നടുവിലെചോലയിൽ നീലാണ്ടന്റെ മകൻ പ്രവീൺ( 35) ആണ് കൊല്ലപ്പെട്ടത്. മഞ്ചേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ 2 ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനു ശേഷം പ്രതിയുമായി തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ, തൊഴിൽ സംബന്ധിച്ച ചില കാര്യങ്ങൾ മൊയ്തീൻ പറഞ്ഞിരുന്നു. പ്രതിയെടുത്തിരുന്ന തൊഴിൽ പ്രവീൺ ഏറ്റെടുത്തത് വൈരാഗ്യത്തിനു കാരണമായിരുന്നു.
ഇത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പ്രതി ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടിണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട് നേരത്തേ പ്രതിക്കെതിരെ പരാതി ഉണ്ടായിരുന്നു.
പ്രവീൺ സംഭവസ്ഥലത്തു മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഞായർ രാത്രി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. തൊഴിൽ സംബന്ധിച്ച നിസ്സാര കാരണമാണ് കൊലയിലേക്കു നയിച്ചതെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കുമാകുന്നില്ല.







