
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്
ശബരിമലയില്‍ നിന്ന് ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണ് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അനന്തസുബ്രഹ്മണ്യം ഈ പാളികള്‍ പിന്നീട് നാഗേഷിന് കൈമാറുകയായിരുന്നു.
താൻ ഒറ്റയ്ക്കല്ലെന്നും, ദേവസ്വം ബോർഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും
ഒത്താശയോടെ നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നുമാണ് ചോദ്യം ചെയ്യലില്‍ പോറ്റി വെളിപ്പെടുത്തിയത്. ഇതിനായി ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്നും താൻ വെറും ഇടനിലക്കാരൻ മാത്രമാണെന്നുമാണ് പോറ്റി നല്‍കിയ മൊഴി. സ്വർണം ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പോറ്റി ആവർത്തിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ അടക്കം നടത്തിയ പരിശോധനകളുടെയും വെളിപ്പെടുത്തലുകളുടെയും വിവരങ്ങള്‍ അടങ്ങിയ അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ പ്രത്യേക സംഘം ഹൈക്കോടതിക്ക് കൈമാറും. ബോർഡ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കും എതിരെ കസ്റ്റഡിയില്‍ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ റിപ്പോർട്ടിലുണ്ടാകും.
പഴയ ബോർഡ് അംഗങ്ങള്‍ക്ക് പുറമെ നിലവിലുള്ള ബോർഡ് അംഗങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമോ എന്ന് റിപ്പോർട്ടിലുണ്ടാകും. ദ്വാരപാലക ശില്‍പ്പങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വീണ്ടും സ്വർണം പൂശാൻ ഇപ്പോഴത്തെ ബോർഡാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.
ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയില്‍ കല്‍പ്പേഷ്, നാഗേഷ് എന്നിവർ പ്രതികളാകും. നാഗേഷാണ് ഹൈദരാബാദില്‍ ചെമ്പ് പാളികളില്‍ അറ്റകുറ്റപ്പണി നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതോടെ നിലവിലുള്ള പാളികള്‍ ഡ്യൂപ്ലിക്കേറ്റാണോ എന്നതില്‍ വ്യക്തതയുണ്ടാകും.
സ്വർണക്കൊള്ളയില്‍ നിന്ന് ലഭിച്ച ലാഭ വിഹിതമാണ് ഉണ്ണികൃഷ്ണൻ പോറ്റി വട്ടിപ്പലിശയ്ക്ക് നല്‍കിയത്. ഇങ്ങനെ ആധാരം പണയപ്പെടുത്തി 2020-ന് ശേഷം പണം വാങ്ങിയവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇത് തൊണ്ടി മുതല്‍ വില്‍പ്പന നടത്തി ലഭിച്ച പണമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ആധാരം ഈട് നല്‍കി പണം കടം വാങ്ങിയവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും