
സർക്കാർ ഉദ്യോഗസ്ഥരുടെ രക്ഷിതാക്കള്‍ക്കുവേണ്ടി ശ്രദ്ധേയമായ നിയമനിർമ്മാണത്തിന് ഒരുങ്ങി തെലങ്കാന. രക്ഷിതാക്കളെ പരിചരിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10-15% നേരിട്ട് തന്നെ പിടിക്കുന്ന തരത്തിലേക്കുള്ള നിയമം കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇത്തരത്തില്‍ പിടിക്കുന്ന തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. വൃദ്ധരായ രക്ഷിതാക്കളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സർക്കാർ ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി വ്യക്തമാക്കി. ഗ്രൂപ്പ്-II പരീക്ഷയ്ക്ക് യോഗ്യത നേടിയവർക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഏതെങ്കിലും ജീവനക്കാരൻ മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, അവരുടെ ശമ്ബളത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കുകയും അവരുടെ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യും. എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്ബളം ലഭിക്കുന്നതുപോലെ, അവരുടെ മാതാപിതാക്കള്‍ക്കും അതേ ദിവസം തന്നെ തുക ലഭിക്കും,” അദ്ദേഹം പറഞ്ഞു, ഇതിനായി നിയമനിർമ്മാണം ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group