
കോട്ടയം : കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആഘോഷം ഒക്ടോബർ 27 നും, തുലാമാസ വാവുബലി തർപ്പണം 21 നും നടക്കും.
ഒക്ടോബർ 22 ന് ആരംഭിക്കുന്ന ആറ് ദിവസത്തെ പൂർണ വ്രതാനുഷ്ഠാനങ്ങൾക്കുശേഷം 27 ന് ക്ഷേത്രാങ്കണത്തിൽ സ്കന്ദഷഷ്ഠി ആഘോഷങ്ങളിൽ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ പങ്കാളികളാകും.
തുലാമാസ വാവുബലി ഒക്ടോബർ 21 ന് രാവിലെ 6 മുതൽ ക്ഷേത്രാങ്കണത്തിൽ നടക്കും. വാവുബലി തർപ്പണം നടത്തുന്നവർ ഒക്ടോബർ 20 ന് ഒരിക്കൽ അനുഷ്ഠിക്കണം.
ചടങ്ങുകൾക്ക് എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളും, മോനേഷ് ശാന്തിയും കാർമ്മികത്വം വഹിക്കും.
ഷഷ്ഠിപൂജ, പാനകപൂജ, പഞ്ചാമൃതാഭിഷേകം, നാരങ്ങാ സമർപ്പണം, സുബ്രഹ്മണ്യ പൂജ എന്നിവയ്ക്കു പുറമേ കരിക്ക് അഭിഷേകവും നടക്കും.
ആറ് ഷഷ്ഠി എടുക്കുന്നതിനു തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം. തിരുത്തണി, സ്വാമിമലൈ, പഴനി, പഴമുതിർ ചോലൈ, തിരുപ്പറങ്കുന്റം, തിരുച്ചെന്തൂർ എന്നീ മുരുകന്റെ ആറുപടൈവീടുകൾ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങളിലും കേരളത്തിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലുമാണ് സ്‌കന്ദഷഷ്ഠി ആഘോഷങ്ങൾ നടക്കുന്നത്. വാവുബലി തർപ്പണ കർമ്മങ്ങൾക്കും സ്കന്ദഷഷ്ഠി ആഘോഷ ചടങ്ങുകൾക്കും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ അറിയിച്ചു.