
കൊച്ചി: സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്.
കൊച്ചി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ ക്ലാസിൽ നിന്ന് മാറ്റി നിർത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തിൽ നിന്ന് അകറ്റി നിർത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നിൽക്കലാണ്. സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാൻ പാടില്ല. ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മർദ്ദം വളരെ വലുതായിരിക്കും. സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മർദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുല്യ ഉത്തരവാദിത്വമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങൾ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി വേണം പ്രവർത്തിക്കാൻ. ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാർത്ഥികളുടെ മൗലിക അവകാശങ്ങളിൽ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങൾ ഉണ്ടാക്കാനോ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല.
എല്ലാവരെയും ഉൾക്കൊള്ളുന്നതും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സർക്കാർ വെച്ചുപൊറുപ്പിക്കില്ല.