സൈബര്‍ തട്ടിപ്പ്: കേടായ മൊബൈൽ ഫോൺ കടയിൽ നന്നാക്കാൻ കൊടുത്തു; മുളക്കുളം പഞ്ചായത്തിലെ ആശാ പ്രവര്‍ത്തകയ്ക്ക് നഷ്ടമായത് ഒന്നേകാല്‍ ലക്ഷം രൂപ; പണം നഷ്ടമായത് ഗൂഗിൾ പേ ഇടപാട് വഴി

Spread the love

കടുത്തുരുത്തി: സൈബര്‍ തട്ടിപ്പിലൂടെ ആശാ പ്രവര്‍ത്തകയുടെ അക്കൗണ്ടില്‍ നിന്ന് 1,24,845 രൂപ നഷ്ടപ്പെട്ടതായി പരാതി.

മുളക്കുളം പഞ്ചായത്തിലെ ഒൻപതാം വാര്‍ഡിലെ ആശാ പ്രവര്‍ത്തകയായ അറുനൂറ്റിമംഗലം വള്ളോന്തോട്ടത്തില്‍ എം.എസ്. സുജയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചു സുജ വെള്ളൂര്‍ പോലീസിലും സൈബര്‍ സെല്ലിലും ബാങ്കിലും പരാതി നല്‍കി.

ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മകള്‍ വീട് നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് അയയ്ക്കുന്ന പണവും സുജയുടെ ശമ്പളം അടക്കമുള്ള തുകയും എസ്ബിഐ അറുന്നൂറ്റിമംഗലം ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. പത്തിന് സുജ മൊബൈല്‍ഫോണ്‍ നന്നാക്കാനായി നല്‍കിയിരുന്നു. സിം തിരികെ വാങ്ങിയ ശേഷമാണ് ഫോണ്‍ നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15-ന് ഫോണ്‍ തിരികെ വാങ്ങിയ ശേഷം ഗൂഗിള്‍ പേയില്‍ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍ 100 രൂപയേ ഉള്ളൂവെന്ന് മനസിലായത്. ബാങ്കിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് 1,24,845 രൂപ നഷ്ടപ്പെട്ട വിവരം സുജ അറിയുന്നത്.

രണ്ട്, മൂന്ന് തീയതികളിലായി 900 രൂപ വച്ച്‌ 19 തവണയായി 17,100 രൂപയും 13, 14 തീയതികളിലായി 1,07,745 രൂപയും യുപിഐ ഇടപാട് വഴിയാണ് പോയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
വെള്ളൂര്‍ പോലീസ് ഇതുസംബന്ധിച്ചു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുപിഐ ഇടപാടിലുണ്ടായ ട്രാന്‍സാക്‌ഷന്‍ ആയതിനാല്‍ ബാങ്കിന്‍റെ ഉന്നതാധികാരികള്‍ക്ക് പരാതി കൈമാറുമെന്ന് ബാങ്ക് മാനേജര്‍ കെ.ആര്‍. പ്രസാദ് പറഞ്ഞു.