ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച ആദിത്യ ബിർള കമ്പനിക്ക് തിരിച്ചടി;ആശുപത്രി ചികിത്സാ ചെലവ് പലിശ സഹിതം നൽകാൻ ഏറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധി; മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് നടപടി

Spread the love

കൊച്ചി: മുൻപുണ്ടായിരുന്ന രോഗാവസ്ഥ മറച്ചുവെച്ചു എന്ന തെറ്റായ കാരണം പറഞ്ഞ് ചികിത്സാച്ചെലവ് നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി.

മൂവാറ്റുപുഴ സ്വദേശി ജോയ് പൗലോസിൻ്റെ പരാതിയിൽ ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനി 96,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. ഇൻഷുറൻസ് കമ്പനി ക്ലെയിം നിഷേധിച്ചത് നിയമപരമല്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഇൻഷുറൻസ് കരാറിന്റെ അന്തഃസത്തയ്ക്കും ഉപഭോക്തൃ സംരക്ഷണ നിയമത്തിനുമെതിരാണ് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ നടപടിയെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരും ഉൾപ്പെട്ട എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ബെഞ്ച് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപഭോക്താക്കളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ഇൻഷുറൻസ് മേഖലയുടെയും നിയമ സംവിധാനത്തിന്റെയും സംയുക്ത ഉത്തരവാദിത്വമാണ്. വ്യക്തമായ രേഖകൾ ഹാജരാക്കിയിട്ടും ക്ലെയിം നിരസിച്ചത് അംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

ഇൻഷുറൻസ് ക്ലെയിം തുകയായ 81,042/- രൂപ പരാതിക്കാരന് 12% വാർഷിക പലിശയോടെ നൽകാനാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി ആവശ്യപ്പെട്ടത്.

കൂടാതെ 10,000/- രൂപ നഷ്ടപരിഹാരവും 5,000/- രൂപ കോടതി ചെലവായും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷിയോട് കോടതി ഉത്തരവിട്ടു. അഡ്വ: ടോം ജോസഫാണ് പരാതിക്കാരനു വേണ്ടി ഹാജരായത്.