‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ ‘; ഷാഫി പറമ്പില്‍ എംപിയെ കളിയാക്കാനെന്ന് ആരോപണം; ‘തൊരപ്പൻ കൊച്ചുണ്ണി’ പരസ്യം പിൻവലിച്ച്‌ മില്‍മ

Spread the love

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയോട് സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം പിൻവലിച്ച്‌ മില്‍മ.

പൊലീസ് മർദനത്തില്‍ ഷാഫിയുടെ മൂക്കുപൊട്ടിയ സംഭവം വിവാദമായിരിക്കെയാണ് മൂക്കിനു മുകളില്‍ പ്ലാസ്റ്റർ ഒട്ടിച്ച ആളുടെ ചിത്രവുമായി മില്‍മ പരസ്യം പുറത്തിറക്കിയത്. മില്‍മ മലബാർ മേഖലാ യൂണിയനാണ് ഈ പരസ്യ കാർഡ് പുറത്തിറക്കിയത്.

‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ- തൊരപ്പൻ കൊച്ചുണ്ണി’ എന്ന പരസ്യ വാചകത്തോടെ എത്തിയ കാർഡ് ഷാഫിയെ പരിഹാസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടായി. ഇതിനു പിന്നാലെ കോണ്‍ഗ്രസ് അനുഭാവികള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് പരസ്യം മില്‍മ പിൻവലിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സിഐഡി മൂസ’ സിനിമയില്‍ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണു തൊരപ്പൻ കൊച്ചുണ്ണി. ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ’ എന്ന ഡയലോഗ് സിനിമയില്‍ ഈ കഥാപാത്രം പറയുന്നുണ്ട്. ഇതിനെ അനുസ്മരിപ്പിക്കും വിധം ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ എന്നാണ് മില്‍മ ഐസ്ക്രീം പിടിച്ചു നില്‍ക്കുന്നയാളുള്ള പരസ്യത്തിന് നല്‍കിയ ക്യാപ്ഷൻ.

എന്നാല്‍, പൊലീസ് മർദ്ദനത്തില്‍ മൂക്കുപൊട്ടിയ ഷാഫി പറമ്പില്‍ എംപിയുടെ കാരിക്കേച്ചറാണിത് എന്ന പ്രചാരണം സൈബറിടങ്ങളില്‍ വ്യാപകമാകുകയായിരുന്നു.