ശബരിമല സ്വർണക്കവർച്ച; ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിൽ; കട്ടിള പാളി കടത്തിയതിലും ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിലുമാണ് അറസ്റ്റ്;ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും

Spread the love

തിരുവനന്തപുരം‍: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിള പാളി കടത്തിയതിലും ദ്വാരപാലക ശിൽപ്പങ്ങൾ കടത്തിയതിലുമാണ് അറസ്റ്റ്.

പുലർച്ചെ 2.30 നാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.

ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയെന്നാണ് പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ മൊഴി എസ്‌ഐടി വിശ്വാസത്തിലെടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയില്‍നിന്നു കൊണ്ടുവന്ന കട്ടിളയുടെ പാളികളില്‍ ഉണ്ടായിരുന്ന 409 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ രാസപ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ 2019ല്‍ ശബരിമലയില്‍ നിന്നെത്തിച്ച ദ്വാരപാലകശില്‍പങ്ങളില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചു.

ഇതിനുള്ള സൗകര്യം സ്ഥാപനത്തില്‍ ഇല്ലാതിരുന്നതിനാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള വിദഗ്ധനെ എത്തിച്ചാണ് സ്വര്‍ണം വേര്‍തിരിച്ചത്. 577 ഗ്രാം സ്വര്‍ണമാണ് ദ്വാരപാലകശില്‍പങ്ങളില്‍നിന്നു വേര്‍തിരിച്ചതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോറ്റിയുടെ സഹായികളും സ്പോൺസർമാരുമായ കൽപേഷ്, നാഗേഷ് എന്നിവർ ഇപ്പോഴും കാണാമറയത്താണ്. രേഖകൾ ശേഖരിക്കാൻ എസ്ഐടി സന്നിധാനത്ത് ഇന്നലെ വീണ്ടും പരിശോധന നടത്തി. ശ്രീകോവിലിന്റെ വശങ്ങളുടെ അളവുകൾ സംഘം പരിശോധിച്ചു.

രാവിലെ കസ്റ്റഡിയിലെടുത്ത പോറ്റിയെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നു വീട്ടുകാരെ അറിയിച്ചിരുന്നില്ല. കസ്റ്റഡി നിയമം ലംഘിച്ചതായി ആരോപിച്ചു പോറ്റിയുടെ അഭിഭാഷകൻ വൈകിട്ടു മാധ്യമങ്ങൾക്കു മുന്നിലെത്തിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടുകാർക്കു വിവരങ്ങൾ കൈമാറിയത്.