തിരുവനന്തപുരം കോർപറേഷനില്‍ നികുതി അടയ്ക്കാതെ യൂസഫലിയുടെ ലുലുമാള്‍; സർക്കാരിന് വന്‍ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലുലു മാളിൽ പ്രവർത്തിക്കുന്ന ‘ഫൺട്യൂറ’ എന്ന ഗെയിമിംഗ് സോൺ വിനോദ നികുതി അടയ്ക്കാത്തതുമൂലം തിരുവനന്തപുരം കോർപ്പറേഷന് ലക്ഷക്കണക്കിന് രൂപയുടെ ഭീമമായ നഷ്ടം സംഭവിച്ചതായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തെ പരിശോധനയിലാണ് ഈ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയത്.

യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുമാളില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ട്യൂറ എന്ന ഗെയിമിംഗ് സോണ്‍ വിനോദ നികുതി അടയ്ക്കുന്നില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ പരിശോധനയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇതുമൂലം തിരുവനന്തപുരം കോര്‍പ്പറേഷന് കോടികളുടെ നഷ്ടമുണ്ടായതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിപിഎം നിയന്ത്രണത്തിലുള്ള കോര്‍പറേഷന്‍ ഭരണസമിതി ലുലുമാളിലെ ഈ നികുതി തട്ടിപ്പില്‍ ഒരു നടപടിയും സ്വീകരിക്കാതെ സഹകരിക്കുകയാണ് ആദ്യം ചെയ്തിരുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് ലൈസന്‍സില്‍ തന്നെ വ്യക്തമാണ്. എന്നാല്‍ അതിന് അനുസരിച്ചുള്ള നികുതി നിശ്ചയിക്കുകയോ പിരിക്കുകയോ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് നഗരസഭയോട് വിവരങ്ങള്‍ ചോദിച്ചിട്ട് ലഭ്യമാക്കിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഡിറ്റ് വിഭാഗം വിവരങ്ങള്‍ ചോദിച്ചതോടെ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ ഇതിന് എതിരെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയാണ് ചെയ്തത്.

1961-ലെ നിയമപ്രകാരം, വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങള്‍ പ്രവേശന ഫീസിന്റെ നിശ്ചിത ശതമാനം വിനോദ നികുതിയായി ഓരോ മാസവും കോര്‍പ്പറേഷനില്‍ അടയ്ക്കേണ്ടതാണ്. ഇത് പാലിക്കാതെ വന്നതോടെ കോടികളുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായത്. തുക പറയാതെ ഭീമമായ നഷ്ടം എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.

2024 ജനുവരി 31-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഫണ്‍ട്യൂറയിലെ പ്രവേശന ഫീസിന്റെ 10% ലുലു വിനോദ നികുതിയായി അടയ്ക്കണം. 2023 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവിലെ നികുതി ഈടാക്കുന്ന കാര്യത്തില്‍

സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുപ്പിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ കോര്‍പ്പറേഷന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.