ലോണ്‍ അടവ് മുടങ്ങി; മലപ്പുറത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി മര്‍ദ്ദിച്ചതായി പരാതി

Spread the love

മലപ്പുറം: ലോണ്‍ അടവ് മുടങ്ങിയതിൻ്റെ പേരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി മര്‍ദിച്ചതായി പരാതി. മലപ്പുറം എടവണ്ണ ഐന്തൂര്‍ സ്വദേശി സുകുവിനാണ് മര്‍ദനമേറ്റത്.

വണ്ടൂര്‍ ആസ്ഥാനമായുളള പണമിടപാട് സ്ഥാപനത്തില്‍ നിന്ന് സുകുവിന്റെ കുടുംബം 42,000 രൂപയുടെ ലോൺ എടുത്തിരുന്നു. സുകുവിന്റെ സഹോദരൻ ബാബുരാജിന്റെ ഭാര്യയുടെ പേരിലായിരുന്നു ലോൺ എടുത്തത്. ലോണിന്റെ അടവ് മുടങ്ങിയെന്ന പേരിൽ സ്ഥാപനത്തിലെ ജീവനക്കാർ ബാബുരാജിന്റെ ഭാര്യയോട് മോശമായി പെരുമാറിയപ്പോൾ അതിനെ ചോദ്യംചെയ്തതിനെ തുടർന്നാണ് തനിക്കും മർദനമേറ്റതെന്നാണ് സുകുവിന്റെ ആരോപണം. തലക്ക് പരിക്കേറ്റ സുകുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, സുകുവാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരുടെ വാദം. ഇരുവിഭാഗങ്ങളും എടവണ്ണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.