
പത്തനംതിട്ട: ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിയ പുതിയ താങ്ങുപീഠം നിർമിക്കാൻ ദേവസ്വം ബോർഡ് ഉത്തരവിറക്കിയ ശേഷം അതു നിർമിച്ച് സന്നിധാനത്തെത്തിക്കാൻ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു വേണ്ടി വന്നത് ഒരു ദിവസം മാത്രം.
ബെംഗളൂരുവിലെ സുഹൃത്തിന്റെ കൈവശമാണു പീഠം കൊടുത്തയച്ചതെന്നു പോറ്റി വെളിപ്പെടുത്തിയിരുന്നു. പുതിയ താങ്ങു പീഠം നിർമിക്കാൻ തയാറാണെന്ന് പോറ്റി ബോർഡിനു കത്തും നൽകിയിരുന്നു. 2020 ഡിസംബർ 30ന് ഇതംഗീകരിച്ച് ദേവസ്വം ബോർഡ് ഉത്തരവിറക്കി.
പുതുവർഷദിനത്തിൽത്തന്നെ പീഠം സന്നിധാനത്തെത്തിച്ചു. അപേക്ഷയിൽ അനുകൂല തീരുമാനമുണ്ടാകുമെന്നു മനസ്സിലാക്കി മാസങ്ങൾക്കു മുൻപേ പോറ്റി അളവെടുത്തെന്നാണു സൂചന.
താങ്ങുപീഠവും ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലാണു സ്വർണം പൂശിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയും 2021 ജനുവരി 1നു സന്നിധാനത്തെത്തിയിരുന്നു. 2020 ഡിസംബർ 30ന് ബോർഡ് ഇറക്കിയ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഏതാനും ദിവസം കഴിഞ്ഞാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്തരവ് കിട്ടാത്തതിനാലാണ് അന്നു മഹസർ തയാറാക്കാൻ കഴിയാതിരുന്നതെന്നാണു സൂചന. മഹസർ തയാറാക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു.
എന്നാൽ, ഇങ്ങനെയൊരു ഉത്തരവ് വന്ന കാര്യം അറിഞ്ഞത് പോറ്റി മാത്രമായിരിക്കാം.
ബന്ധപ്പെട്ട ഒരുദ്യോഗസ്ഥൻ ‘ പോലും അറിയാതെയാണ് താങ്ങുപീഠം ജനുവരി ഒന്നിനു സന്നിധാനത്തെത്തിച്ചത്. ചട്ടപ്രകാരം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ അറിയിച്ച് ദേവസ്വം സ്മിത്ത് അളവും തൂക്കവും മൂല്യവും പരിശോധിക്കണം. തിരുവാഭരണം കമ്മിഷണർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും വേണം. ഇതൊന്നും പാലിച്ചില്ല.
നട അടച്ചശേഷം ശ്രീകോവിലിന്റെ ഇടതു വശത്തെ ദ്വാരപാലക ശിൽപത്തിൽ താഴെയുള്ള താങ്ങുപീഠത്തിനു പകരം പുതിയ പീഠം സ്ഥാപിച്ചു നോക്കിയെങ്കിലും. വലിപ്പം കൂടുതലായതിനാൽ വേണ്ടെന്ന് മരാമത്തിലെ ഒരു ഉദ്യോഗസ്ഥൻ നിർദേശിച്ചതോടെ പഴയതു പുനഃസ്ഥാപിച്ചു. കൊണ്ടുവന്ന പീഠം പോറ്റി സഹായിയായ കോട്ടയം ഇളമ്പള്ളി സ്വദേശിക്കു കൈമാറി.



