കുമരകത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി; ചന്തക്കവലയിലെ ബസ്റ്റോപ്പ് താൽക്കാലികമായി ഒഴിവാക്കി: ബസ് നിർത്തുന്നത് ബസ് ബേയിൽ മാത്രം.

Spread the love

കുമരകം: കോണത്താറ്റ് പാലം ഗതാഗതത്തിന് തുറന്നതോടെ ചന്തക്കവല പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതേ തുടർന്ന് ചന്തക്കവലയിലെ ബസ് സ്റ്റോപ്പ് നിർത്തലാക്കി.

ഗതാഗത കുരുക്ക് വർധിക്കുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ബസ് സ്റ്റോപ്പ് മാറ്റാനുള്ള തീരുമാനം. ചന്തക്കവലയിലെ ബസ്റ്റോപ്പില്‍ സ്വകാര്യ ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു വിളിച്ച യോഗത്തിലാണ് തീരുമാനം എടുത്തത്.

ഇനിമുതൽ ചേർത്തല, വൈക്കം ഭാഗങ്ങളിൽ നിന്നും കോട്ടയം ദിശയിലേക്ക് പോകുന്ന ബസുകൾ ബസ് ബേയ്ക്കുള്ളിൽ കയറി മാത്രമേ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യാവൂ. അതുപോലെ കോട്ടയത്തുനിന്നും ചേർത്തല, വൈക്കം ഭാഗത്തേക്ക് പോകുന്ന ബസുകളും ബസ് ബേയിലൂടെ പോകണം. അട്ടിപീടിക ബസുകൾക്കും ഇതേ നിയമം ബാധകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്തക്കവലയിലെ പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം ഇന്നലെ തന്നെ അടച്ചുപൂട്ടി. പ്രദേശത്ത് പൊലീസ് നിരീക്ഷണവും ശക്തമാക്കി. ബസ് ബേയിൽ കയറാതെ പഴയ രീതിയിൽ ചന്തക്കവലയിലെ ബസ്റ്റോപ്പിൽ നിർത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുമരകം എസ്‌എച്ച്‌ഒ കെ. ഷിജി അറിയിച്ചു.