സന്തോഷവും സമ്മർദ്ദവും ഇല്ലാത്ത ജീവിതം നയിക്കണമെന്നുണ്ടോ? എന്നാൽ ഭക്ഷണം മാത്രം കഴിച്ചാല്‍ പോരാ അതിനൊത്ത് ശരീര വ്യായാമങ്ങളും ചെയ്യണം; സ്ത്രീകള്‍ നിര്‍ബന്ധമായും ശീലിക്കേണ്ട ആറ് സ്വയം പരിചരണ രീതികള്‍ ഇതാണ്…!

Spread the love

കോട്ടയം: സന്തോഷവും സമ്മർദ്ദവും ഇല്ലാത്ത ജീവിതം നയിക്കണമെങ്കില്‍ ഭക്ഷണം മാത്രം കഴിച്ചാല്‍ പോരാ. അതിനൊത്ത് ശരീര വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്

എന്നാല്‍ ജോലി തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടാറില്ല. സ്ത്രീകള്‍ നിർബന്ധമായും ചെയ്യേണ്ട സ്വയം പരിചരണ രീതികള്‍ എന്തൊക്കെയാണെന്ന് അറിയാം.

പ്രഭാത നടത്തം

ശുദ്ധവായുവും പ്രകൃതിയും നിറഞ്ഞ പ്രഭാത നടത്തത്തിലൂടെ നിങ്ങള്‍ക്ക് ഊർജ്ജവും സമാധാനവും ലഭിക്കുന്നു. ദിവസവും ഇത് ശീലമാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രകൃതിയുമായി കൂടുതല്‍ സമയം ചിലവിടുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്.

എഴുതാം

രാവിലെയോ രാത്രിയിലോ അന്നത്തെ ദിവസത്തെക്കുറിച്ച്‌ എഴുതുന്നത് നല്ലതായിരിക്കും. ഇത് വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ആ ദിവസത്തെക്കുറിച്ച്‌ ചിന്തിക്കുന്നതിനും അപ്പുറം നിങ്ങളുടെ പുരോഗമനത്തെ കുറിച്ചും സ്വയം കൂടുതല്‍ മനസ്സിലാക്കാനും സഹായിക്കുന്നു. ദിവസവും എഴുതുന്നതൊരു ശീലമാക്കാം.

വായിക്കാം

പുസ്തകങ്ങള്‍ വായിക്കുന്നതും മനസ്സിന് ആശ്വാസം ലഭിക്കുന്ന കാര്യമാണ്. ദിവസവും കുറഞ്ഞത് 10 പേജെങ്കിലും വായിക്കുന്നത് ശീലമാക്കി നോക്കൂ. ഇത് വേണ്ടാത്ത ചിന്തകളെ അകറ്റാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

യോഗ ചെയ്യാം

ദിവസവും യോഗ ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. യോഗ ചെയ്യുമ്പോള്‍ ശ്രദ്ധയാണ് പ്രധാനമായും ഉണ്ടായിരിക്കേണ്ടത്. ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുമ്പോള്‍ തുടക്കത്തില്‍ അത് ബുദ്ധിമുട്ടുള്ളതും ലക്ഷ്യമില്ലാത്തതുമായി തോന്നിയേക്കാം. എന്നാല്‍ പതിയെ ഇത് മനസ്സിന് ശാന്തത നല്‍കുന്നു.

നല്ല ഉറക്കം

നല്ല ഉറക്കം ലഭിച്ചാല്‍ മാത്രമേ നല്ല ആരോഗ്യവും നല്ല മാനസികാവസ്ഥയും ലഭിക്കുകയുള്ളൂ. രാത്രിയില്‍ ഉറങ്ങുന്നതിന് മുൻപ് ഫോണ്‍ നോക്കുന്ന ശീലം ഒഴിവാക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ നല്ല ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നു.

ഭക്ഷണ ക്രമീകരണം

എല്ലാത്തരം ഭക്ഷണങ്ങളും ശരീരത്തിന് ആവശ്യമുള്ളതല്ല. ആരോഗ്യമുള്ള ഭക്ഷണ ക്രമീകരണത്തിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. അതിനാല്‍ തന്നെ ധാരാളം പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.