അഞ്ച് താരങ്ങളെ ഒഴിവാക്കാൻ ചെന്നൈ; മാറ്റത്തിന് ആര്‍സിബി; ഐപിഎല്‍ മിനി ലേലത്തിന് മുൻപ് പുറത്താകുന്ന താരങ്ങള്‍ ആരൊക്കെ?

Spread the love

ഡൽഹി : രാജസ്ഥാൻ റോയല്‍സിനൊപ്പമുള്ള യാത്രയ്ക്ക് സഞ്ജു സാംസണ്‍ ഫുള്‍സ്റ്റോപ്പിടുമോ… ചെന്നൈ സൂപ്പർ കിങ്സ് അടിമുടി മാറുമോ.

മുംബൈ ഇന്ത്യൻസ് ക്യാമ്പില്‍ നിന്ന് സർപ്രൈസ് നീക്കമുണ്ടാകുമോ… ആർസിബിയുടെ ഫ്യൂച്ചർ പ്ലാനില്‍ ആരൊക്കെ. ഐപിഎല്‍ മിനിലേലം ഡിസംബറില്‍ നടക്കാനിരിക്കെ അണിയറില്‍ കൂടുമാറ്റ നീക്കങ്ങള്‍ക്ക് ഇതിനോടകം ചൂടുപിടിച്ചു.

അടുത്തമാസം പകുതിയോടെ ഫ്രാഞ്ചൈസികള്‍ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടണമെന്നതിനാല്‍ പലവിധത്തിലുള്ള സ്ട്രാറ്റർജിയാണ് ഫ്രാഞ്ചൈസികള്‍ തേടുന്നത്. പുതിയ സീസണ്‍ ലക്ഷ്യമിട്ട് ടീമുകള്‍ റിലീസ് ചെയ്യുന്ന താരങ്ങള്‍ ആരെല്ലാം. പരിശോധിക്കാം.

ഐപിഎല്‍ പതിനെട്ടാം പതിപ്പില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. 14 മാച്ചില്‍ നാല് ജയം മാത്രം സ്വന്തമാക്കിയ സിഎസ്‌കെ ഫിനിഷ് ചെയ്തത് ഏറ്റവും അവസാനത്തില്‍. തുടക്കത്തില്‍ ഋതുരാജ് ഗെയിക്വാദാണ് ക്യാപ്റ്റൻ ക്യാപ്പ് അണിഞ്ഞതെങ്കില്‍ പിന്നീട് സാക്ഷാല്‍ എംഎസ് ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തിട്ടും രക്ഷയുണ്ടായില്ല.
പ്രതീക്ഷയോടെയെത്തിച്ച ടോപ് ഓർഡർ പ്ലെയേഴ്സിന്റെ മോശം ഫോമാണ് മുൻ ചാമ്പ്യൻമാർക്ക് തിരിച്ചടിയായത്. ഇതോടെ മിനിലേലത്തിന് മുൻപായി ചില കടുത്ത തീരുമാനങ്ങളിലേക്ക് ടീം കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

സാം കറണ്‍, ഡെവോണ്‍ കോണ്‍വെ, ദീപക് ഹൂഡെ, വിജയ് ശങ്കർ, രാഹുല്‍ ത്രിപാഠി. എന്നിവരാണ് സിഎസ്‌കെയുടെ റിലീസ് പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്ന പ്രധാന പേരുകള്‍. ഇതിന് പുറമെ ആർ അശ്വിൻ ഐപിഎല്ലില്‍ നിന്ന് നേരത്തെ വിരമിച്ചതിനാല്‍ സൂപ്പർ കിങ്സ് പെഴ്സില്‍ അധികമായി 9.75 കോടി കൂടി ആഡ് ചെയ്യപ്പെടും. 44കാരൻ എംഎസ് ധോണി ഇത്തവണയും ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. പോയ സീസണില്‍ അവസാന ലാപ്പില്‍ ഒപ്പമെത്തിച്ച്‌ ടീമിന്റെ ലൈഫ് ലൈനായ ദക്ഷിണാഫ്രിക്കൻ താരം ഡെവാള്‍ഡ് ബ്രേവിസ്, ആയുഷ് മാത്രെ, ഉർവില്‍ പട്ടേല്‍ എന്നിവർ മുൻചാമ്പ്യൻമാരുടെ സുപ്രധാന താരങ്ങളായി അടുത്ത പതിപ്പിലുണ്ടാകുമെന്ന കാര്യം തീർച്ചയാണ്.

ഐപിഎല്ലിന് ശേഷം ടി20 ദേശീയ ടീമിലും ബ്രേവിസ് മിന്നും ഫോമിലാണ്. ട്രെഡിങ് വിൻഡോയിലൂടെ സഞ്ജു സാംസണെ ഒപ്പമെത്തിക്കാനുള്ള ശ്രമങ്ങള്‍ ടീം തുടരാനുള്ള സാധ്യതയും കൂടുതലാണ്. ഒരു ഐപിഎല്‍ സീസണ്‍ അവസാനിപ്പിച്ച്‌ ഒരാഴ്ചക്കകം ഓപ്പണാകുന്ന ട്രേഡ് വിൻഡോ അടുത്ത ഐപിഎല്‍ ഓക്ഷന് ഏഴ് ദിവസം മുൻപ് വരെയാണ് നിലനില്‍ക്കുക. അതായത് സഞ്ജുവിനെ എത്തിക്കാൻ സിഎസ്‌കെയ്ക്ക് ഇനിയും സമയമുണ്ടെന്നർത്ഥം. മിനിലേലത്തിന് മുൻപായി പ്രധാന താരങ്ങളെ റിലീസ് ചെയ്യുന്നതിലൂടെ സിഎസ്‌കെ പെഴ്സില്‍ കൂടുതല്‍ തുകയെത്തുമെന്നതും ട്രേഡ് സാധ്യത വർധിപ്പിക്കുന്നു.