സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന്റെ പ്രതികാരം തീർക്കാൻ സുഹൃത്തിനെ കൊന്ന് ചതുപ്പിൽ തള്ളി: കൊല്ലപ്പെട്ടത് ലഹരിമാഫിയ സംഘാംഗത്തിന്റെ സഹോദരൻ കൊല്ലപ്പെട്ട ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ്
ക്രൈം ഡെസ്‌ക്
കൊച്ചി: ബൈക്ക് അപകടത്തിൽ മരിച്ച സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റ യുവാവിനെ, പ്രതികാരം തീർക്കാൻ ലഹരിമാഫിയ സംഘം കൊലപ്പെടുത്തി മൃതദേഹം ചതുപ്പിൽ താഴ്ത്തി. സഹോദരന്റെ ബൈക്ക് അപകട മരണത്തിന് കാരണക്കാരനായത് ഈ യുവാവാണെന്ന് ആരോപിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്. എറണാകുളം നെട്ടൂർ കുമ്പളം മാന്നനാട്ട് വീട്ടിൽ എം.എസ്. വിദ്യന്റെ മകൻ അർജുനാണ് (20) കൊല്ലപ്പെട്ടത്. നെട്ടൂരിൽ കായലോരത്തെ കുറ്റിക്കാട്ടിൽ ചെളിയിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്.
യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നൽകിയിരുന്നു. അർജുന്റെ സുഹൃത്തുക്കളായ റോണി, നിപിൻ എന്നിവരെ സംശയിക്കുന്നതായി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്ന് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളിൽ ഒരാളുടെ സഹോദരന്റെ അപകടമരണത്തിന്റെ കാരണം അർജുൻ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്നു. കളമശേരിയിൽ വച്ച് അപകടത്തിൽ ബൈക്കോടിച്ചിരുന്നയാൾ മരിച്ചു.
അർജുന് സാരമായി പരുക്കേറ്റിരുന്നു. അർജുൻ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അർജുനോടുണ്ടായ അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതികൾ പൊലീസിനോടു പറഞ്ഞു. സംഭവ ദിവസം പെട്രോൾ തീർന്നുവെന്ന കാരണം പറഞ്ഞ് അർജുനെ വിളിച്ചു വരുത്തി ക്രൂരമായി മർദിച്ച ശേഷം ചതുപ്പിൽ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചെന്നാണു സൂചന. പിടിയിലായവരിൽ ഒരാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് എന്നാണു സൂചന. ഇയാളാണ് മർദനത്തിനു നേതൃത്വം കൊടുത്തത്.
പട്ടിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. മറ്റൊരാൾ കല്ലുകൊണ്ടും തലയ്ക്കടിച്ചു. യുവാവിനെ കാണാതായ 2നു രാത്രി 10ന് വീട്ടിൽ നിന്നിറക്കി രണ്ടര മണിക്കൂറിനുള്ളിൽ കൃത്യം ചെയ്തതായാണു മൊഴി.
ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലാണ്. ഫൊറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. കൃത്യം നടത്തിയവരുടെ മൊഴിയിൽ നിന്നാണു മൃതദേഹം അർജുന്റേതാണെന്ന സൂചന ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. ജൂലൈ രണ്ടിനാണ് അർജുനെ കാണാതാകുന്നത്. അർജുനെ കൊന്നു ചതുപ്പിൽ താഴ്ത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലീസ് സ്ഥലം കണ്ടെത്തി തിരച്ചിൽ നടത്തിയത്.
കുറച്ചു ദിവസമായി ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിന്റേതാണെന്നു കരുതിയതായി പരിസരവാസികൾ പറഞ്ഞു. റെയിൽവേ പാളത്തിനു പടിഞ്ഞാറുവശം ഭൂമാഫിയ നികത്തിയിട്ട ഏക്കർ കണക്കിനു സ്ഥലമാണു ചതുപ്പും കണ്ടലും നിറഞ്ഞു കിടക്കുന്നത്. അർജിനെ കാണാനില്ലെന്ന് കാണിച്ച് പനങ്ങാട് പൊലീസിൽ മൂന്നാംതീയതി പരാതി നൽകിയെങ്കിലും അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. 9ാം തീയതി ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതിനു ശേഷമാണ് പൊലീസ് അനങ്ങിയതെന്നും അർജുന്റെ ബന്ധുക്കൾ പറഞ്ഞു. അർജുനെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയവരെപ്പറ്റി കൃത്യമായ വിവരങ്ങൾ പരാതി നൽകിയപ്പോൾ തന്നെ പൊലീസിനു കൈമാറിയിരുന്നെന്നും ബന്ധുക്കൾ പറയുന്നു.