കോളേജിലെ വോളിബോൾ കോച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; മനംനൊന്ത് 19 കാരി ജീവനൊടുക്കി; ഗുരുതര ആരോപണവുമായി കുടുംബം

Spread the love

ഹൈദരാബാദ്: ഹൈദരാബാദിൽ 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മൗലികയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കോളേജിലെ വോളിബോൾ പരിശീലകന്റെ പീഡനം മൂലമാണ് മകൾ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.

വോളിബോൾ പരിശീലകനായ അംബാജി നായിക് മകളെ ഉപദ്രവിച്ചിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.

സംഭവത്തിൽ വിദ്യാർത്ഥിനിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പോ, വീഡിയോ സന്ദേശമോ കണ്ടെത്താനായിട്ടില്ല. പെൺകുട്ടി ഇക്കാര്യങ്ങൾ കുടുംബത്തോട് നേരിട്ട് വെളിപ്പെടുത്തിയിരുന്നോ എന്നതും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

മരിക്കുന്നതിന് മുമ്പ് പെൺകുട്ടി വോളിബോൾ പരിശീലകന്‍റെ മോശം പെരുമാറ്റത്തെക്കുറിച്ച് ചില സുഹൃത്തുക്കളോട് സംസാരിച്ചതായി മൊഴിയുണ്ട്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.