സീരിയൽ താരം ബീനാ ആന്റണിയുടെ ചിത്രം വച്ച് കോടികളുടെ തട്ടിപ്പ്: സീരിയൽ നടിയുടെ ചിത്രം കണ്ട് ക്ലിക്ക് ചെയ്തവർ വീണത് തട്ടിപ്പ് കെണിയിൽ; തന്നെ തട്ടിപ്പിന് മറയാക്കുന്നത് അറിഞ്ഞ് ഞെട്ടി താരം
തേർഡ് ഐ ബ്യൂറോ
കൊച്ചി: സീരിയൽ താരം ബീനാ ആന്റണി ജന്മത്ത് വിചാരിച്ചിട്ടുണ്ടാകില്ല താൻ ഇത്തരത്തിൽ ഒരു തട്ടിപ്പ് സംഘത്തിന്റെ മറയാകുമെന്ന്. ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ കെണിയിലാണ് ഇപ്പോൾ ബീനാ ആന്റണി അറിയാതെ പെട്ടിരിക്കുന്നത്.
‘കരിയർ ജേണൽ ഓൺലൈൻ’ എന്ന പേരിലുള്ള ഒരു ഓൺലൈൻ സൈറ്റിലാണ് ബീന ആന്റണിയുടെ ചിത്രമുപയോഗിച്ചുള്ള തട്ടിപ്പ്. വീട്ടിലിരുന്ന് ഓൺലൈൻ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കർപാൽ എന്ന സ്ത്രീയുടെ വിജയ കഥയ്ക്കൊപ്പമാണ്, ആഭ കർപാലിന്റെതെന്ന പേരിൽ ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. മലയാളികൾ പലരും ബീനാ ആന്റണിയാണ് ഈ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ എന്ന പേരിൽ പദ്ധതിയുമായി സഹകരിക്കാൻ എത്തിയിട്ടുണ്ട്. എന്നാൽ, തട്ടിപ്പ് സംബന്ധിച്ചു വ്യാപകമായി പരാതി ഉയർന്നതോടെയാണ് ബീനാ ആന്റണി പോലും സംഭവം അറിഞ്ഞത്.
കഴിഞ്ഞ വർഷം ജോലി നഷ്ടപ്പെട്ട വീട്ടമ്മയാണത്രേ ആഭ കർപാൽ. നിരവധി തവണ ജോലിക്കു ശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവിൽ ഓൺലൈൻ വഴി ജോലി ചെയ്യാൻ തുടങ്ങി. അങ്ങനെ ഓൺലൈനിലെ ഡിജിറ്റൽ പ്രോഫിറ്റ് കോഴ്സിലൂടെ പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്ബാദിക്കുന്നതായാണ് പരസ്യത്തിൽ പറയുന്നത്.’നിങ്ങൾക്ക് ഈ വീട്ടമ്മയുടെ വിജയ കഥ വിശ്വസിക്കാൻ പ്രയാസമായിരിക്കും’ എന്ന തരത്തിലാണ് സൈറ്റിൽ ഇവരുടെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ പരസ്യത്തിൽ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാനും നിർദേശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബീന ആന്റണി പറഞ്ഞു. താനുമായി ഈ ഓൺലൈൻ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും ബീന വ്യക്തമാക്കുന്നു.
”ഞാൻ സൈബർ സെല്ലിൽ പരാതി കൊടുക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ഒരു സുഹൃത്ത് വിളിച്ചു പറയുകയായിരുന്നു. തൊട്ടു പിന്നാലെ പലരും വിളിച്ചു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായി. പരാതി കൊടുക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. പൊലീസിലുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും പരാതി കൊടുക്കുക എന്നതായിരുന്നു നിർദേശം”- ബീന പറയുന്നു.”അന്വേഷിച്ചപ്പോൾ അമേരിക്കൻ രജിസ്ട്രേഷനിലാണ് ഈ സൈറ്റ് പ്രവർത്തിക്കുന്നതെന്നു മനസ്സിലായി. അഡ്രസ് തിരഞ്ഞെങ്കിലും ബന്ധപ്പെടാനുള്ള മാർഗങ്ങൾ ലഭിച്ചില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഇത് തീർച്ചയായും ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നതിനാൽ, ഒരു തരത്തിലും പ്രേത്സാഹിപ്പിക്കാനാകില്ല.”.- അവർ വ്യക്തമാക്കുന്നു
സിനിമാ താരങ്ങളുടെയും പ്രശസ്തരുടെയും ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ പല തട്ടിപ്പ് സംഘങ്ങളും ഇപ്പോൾ ഓ്ൺലൈൻ വഴി തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും സാധാരണക്കാരാവും ഇത്തരക്കാരുടെ കെണിയിൽ വീഴുക. ജോലി വാഗ്ദാനം ചെയ്ത് ഓൺവഴി എത്തുന്ന ആപ്ലിക്കേഷൻ വഴി പലരും ജോലിയ്ക്ക് അപേക്ഷിക്കും. ഈ സമയം രജിസ്‌ട്രേഷൻ ഫീസ് എന്ന പേരിൽ തുക ഈടാക്കുകയും ചെയ്യും.