
കോട്ടയം: ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം മുറുകുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പൊലീസിൽ പരാതി നൽകി. തമ്പാനൂർ പൊലീസ് അന്വേഷിക്കുന്ന കേസിൽ അനന്തുവിന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.പിന്നീട് അനന്തു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി. കുട്ടിക്കാലത്ത് വീടിന് സമീപത്തുള്ള ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗീക ചൂഷണം നേരിട്ടെന്ന ഗുരുതര ആരോപണമായിരുന്നു ഇൻസ്റ്റഗ്രാം കുറിപ്പിലുണ്ടായിരുന്നത്.
ആർഎസ്എസിനെതിരായി എതിരായി ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കിയതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡിവൈഎഫ്ഐയും യൂത്ത്കോൺഗ്രസും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അനന്തുവിന്‍റെ വീട്ടുകാർ ഇതുവരെ പരാതി നൽകിയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനന്തുവിന്റെ മരണം അന്വേഷിക്കുന്ന തമ്പാനൂർ പൊലീസ് കാഞ്ഞിരപ്പള്ളി തമ്പലക്കാട് ഉള്ള വീട്ടിലെത്തി അനന്തുവിന്‍റെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. പ്രദേശത്തെ ചില നാട്ടുകാരിൽ നിന്നും പൊലീസ് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്ന ലൈംഗീക ചൂഷണം നടന്നത് വർഷങ്ങൾ മുമ്പാണ്.
അനന്തുവിന്‍റെ കുറിപ്പിൽ ആരുടേയും പേര് പറയാത്തതും അന്വേഷണത്തിന് പ്രതിസന്ധിയാണ്. അതേസമയം അനന്തുവിന്‍റെ ആത്മഹത്യയും ആത്മഹത്യ കുറിപ്പും ദുരൂഹമാണെന്നാണ് ആർഎസ്എസ് വിശദീകരണം. മരണത്തിന് ശേഷമാണ് ആത്മഹത്യകുറിപ്പ് ഇൻസറ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതെന്നും ആർഎസ്എസ്. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്ത വരുത്തുന്നതിന് അന്വേഷണം വേണമെന്ന് ആർഎസ്എസും ആവശ്യപ്പെടുന്നു.