കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിൻ്റെ മകൻ നവനീത് വിശ്രുതൻ ജോലില്‍ പ്രവേശിച്ചു: വൈക്കം ദേവസ്വം ബോർഡ് ഓഫീസില്‍ തേർഡ് ഗ്രേഡ് ഓവർസിയറായി നവനീത് ചുമതലയേറ്റെടുത്തു: നവനീത് ജോലിയിൽ പ്രവേശിക്കുന്നത് കാണാൻ മന്ത്രി വി.എൻ. വാസവൻ എത്തിയിരുന്നു

Spread the love

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിൻ്റെ മകൻ നവനീത് വിശ്രുതൻ ജോലില്‍ പ്രവേശിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം നല്‍കിയത്.

വൈക്കം ദേവസ്വം ബോർഡ് ഓഫീസില്‍ തേർഡ് ഗ്രേഡ് ഓവർസിയറായി നവനീത് ചുമതലയേറ്റെടുത്തു. ജോലിയില്‍ പ്രവേശിക്കുന്നത് കാണാൻ മന്ത്രി വി എൻ വാസവനും എത്തി.

എഞ്ചിനീയറിങ് ബിരുദധാരിയാണ് നവനീത്. അമ്മയും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നവനീത് നന്ദി പറഞ്ഞു. സർക്കാർ വാക്ക് പാലിച്ചെന്നായിരുന്നു മന്ത്രി വിഎൻ വാസവൻ്റെ പ്രതികരണം.

ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച്‌ നല്‍കിയതിനൊപ്പം ജോലി കൂടി നല്‍കി കുടുംബത്തിന്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ജൂലൈ മൂന്നിന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പതിനാലാം വാർഡിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്.