കാറ്റും മഴയും കോട്ടയത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം: നെടുംകുന്നത്ത് മരം വീണ് നിരവധി വീടുകൾ തകർന്നു: വൈദ്യുതി ലൈനുകൾ പലയിടത്തും തകരാറിൽ .

Spread the love

നെടുംകുന്നം: മഴയിലും കാറ്റിലും നെടുംകുന്നത്ത് വ്യാപക നാശം. നെടുംകുന്നം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഉണ്ടായ ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും നെടുംകുന്നത്തും പരിസര പ്രദേശങ്ങളിലും വ്യാപകനാശ നഷ്ടംനേരിട്ടു..

നിരവധി വീടുകളുടെ മേല്‍ക്കൂര മരം വീണും കാറ്റിലും തകർന്നു. ഒന്നാം വാർഡില്‍ പുതുപ്പള്ളി പടവ് പുരയിടത്തില്‍ കുഞ്ഞുമോന്‍റെ വീട് പ്ലാവ് വീണ് ഭാഗികമായി തകർന്നു.

തകടിയേല്‍ മാത്യുവിന്‍റെ പുരയിടത്തില്‍ വിളവെടുക്കാറായ നിരവധി വാഴകളും, മരച്ചീനികളും നശിച്ചു. വെളിയംകുന്ന് എഴികാട് ഷിബുവിന്‍റെ വീടിന്‍റെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുംകുന്നം അരണപ്പാറ കളരിക്കല്‍ ഹരിയുടെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന വീടിനു മുകളില്‍ മരം വീണ് വീടു തകർന്നു. പത്തനാട് ചിറക്കുന്നേല്‍ ബിനുഭവനില്‍ ബിനുമോന്‍റെ വീടിന്‍റെ അടുക്കള മരം വീണ് പൂർണമായി തകർന്നു.

നെടുംകുന്നം-മൈലാടി റോഡിലും കുളങ്ങര റോഡിലും മരങ്ങള്‍ വീണ് ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. പാറക്കല്‍-മാനങ്ങാടി, മാന്തുരുത്തി-നെടുംകുന്നം

റോഡിലും കങ്ങഴ മുണ്ടത്താനത്തും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തടസപ്പെട്ടു. നിരവധി ഇടങ്ങളില്‍ വാഴ, കപ്പ തുടങ്ങിയ കൃഷികള്‍ക്ക് വ്യാപക നാശം സംഭവിച്ചു. ഇലയ്ക്കാട് റോഡരികില്‍ സ്ഥാപിച്ചിരുന്ന പരസ്യബോർഡ് ഇളകിവീണു.