
പത്തനംതിട്ട: രാസലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.
പത്തനംതിട്ട വലഞ്ചുഴി സ്വദേശി മുബാറക്കിനെയാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി. അനിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് സസ്പെന്‍ഡ് ചെയ്തത്. രാസലഹരി അടക്കമുള്ള ലഹരിക്കച്ചവടക്കാരുമായി മുബാറക്കിന് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ എസ്.പിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.
റാന്നി സബ്ഡിവിഷനില്‍ ഡാന്‍സാഫ് ടീം അംഗമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മുബാറക്. സാമൂഹിക മാധ്യമങ്ങളില്‍ റീല്‍സ് പോസ്റ്റ് ചെയ്യുന്നതിലൂടെ നേരത്തേയും വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. പല തവണ ഇയാള്‍ക്ക് മേലുദ്യോഗസ്ഥരുടെ താക്കീതും ലഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡാന്‍സാഫ് സംഘം എന്ന നിലയ്ക്കാണ് മുബാറക് ലഹരി സംഘങ്ങളുമായി അടുപ്പം സ്ഥാപിച്ചത്.
എസ്.പിയുടെ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ക്കെതിരേ ലഹരി മാഫിയ ബന്ധത്തിന്റെ തെളിവുകള്‍ കണ്ടെത്തി.
വിവരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി അറിഞ്ഞതിനെ തുടര്‍ന്ന് മുബാറക്കിനെ ഡാന്‍സാഫ് സബ്ഡിവിഷന്‍ ടീമില്‍ നിന്നൊഴിവാക്കി. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട ജില്ലാ പോലീസ് മേധാവി കാരണം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ലഹരി മാഫിയ ബന്ധം അറിഞ്ഞത്. തുടര്‍ന്ന് എസ്.പി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയോട് റിപ്പോര്‍ട്ട് തേടി.
ഇയാളുടെ ഫോണ്‍ രേഖകളും മറ്റും പരിശോധിച്ചപ്പോഴാണ് ലഹരി മാഫിയ ബന്ധം വെളിവായതെന്നാണ് അറിയുന്നത്. ഒരു വിവാഹ പാര്‍ട്ടിക്ക് വേണ്ടി കച്ചവടക്കാരോട് ഇയാള്‍ എംഡിഎംഎ ആവശ്യപ്പെട്ടത് അടക്കമുള്ള തെളിവുകളാണ് എസ്.പിക്ക് ലഭിച്ചത്. വിവരങ്ങള്‍ ചോര്‍ത്തി നല്‍കി പണപ്പിരിവ് നടത്തിയതായും ആക്ഷേപമുണ്ട്.
ലഹരിക്കെതിരേ ജില്ലാ പോലീസ് മേധാവി സന്ധിയില്ലാ സമരം നയിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ രഹസ്യപ്പോലീസുകാരന്‍ തന്നെ അവരുടെ കണ്ണിയായി എന്ന വിവരം അറിയുന്നത്. തുടര്‍ന്നാണ് ശക്തമായ നടപടിക്ക് എസ്.പി ഉത്തരവിട്ടത്. ഇയാള്‍ക്കെതിരേ തുടരന്വേഷണം നടക്കുമെന്നാണ് അറിയുന്നത്.