മന്ത്രിയുടെ പരിപാടിക്ക് ആളെ കൂട്ടാൻ ഭീഷണി;എത്താത്തവര്‍ക്ക് അറ്റൻഡൻസ് ഇല്ല, അങ്കണവാടി വർക്കർമാര്‍ക്കും ഹെൽപ്പർമാര്‍ക്കും സൂപ്പർവൈസറുടെ സന്ദേശം

Spread the love

ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത പരിപാടിക്ക് ആളെ കൂട്ടാൻ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും നിർബന്ധിച്ച് എത്തിക്കാൻ നിർദേശം നൽകിയത് വിവാദത്തിൽ. ഞായറാഴ്ച മാങ്കുളത്ത് നടന്ന പരിപാടിയിൽ നിർബന്ധമായും എത്തണമെന്നും, ഹാജരാകാത്തവർക്ക് അറ്റൻഡൻസ് ഉണ്ടാകില്ല എന്നും കാണിച്ച് ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശബ്ദ സന്ദേശം പുറത്തുവിട്ടതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.

മാങ്കുളം പഞ്ചായത്തിൻ്റെ വികസന സദസ്സിൽ മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് രാവിലെ 10 മണിക്ക് പങ്കെടുക്കവെയാണ് ഈ സംഭവം. അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും ഉൾപ്പെടുന്ന 52 പേരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സൂപ്പർവൈസർ ഈ നിർദേശം നൽകിയത്. മാങ്കുളം പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും നിർദേശം നൽകിയതിനെ തുടർന്നാണ് താൻ ഇത് അറിയിക്കുന്നത് എന്നും സൂപ്പർവൈസർ ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

സർക്കാർ പരിപാടികൾക്ക് ആളെ കൂട്ടാൻ ജീവനക്കാരെയും സാധാരണക്കാരെയും ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും എത്തിക്കുന്നത് പതിവാകുന്നതിനിടെയാണ് പുതിയ വിവാദം. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത് മന്ത്രിയുടെ പരിപാടിക്ക് വേണ്ടി ഹാജർ നിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group