
മലപ്പുറം: കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം പറഞ്ഞ് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്. മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തത്.
80ശതമാനം അംഗപരിമിതിയുള്ള വ്യക്തിയാണ് സുബൈർ. കഴിഞ്ഞ ദിവസമാണ് ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ റാംപ് ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് വിവരിച്ചുകൊണ്ട് സുബൈര്‍ വീഡിയോ ചെയ്തത്. റാംപ് ഇല്ലാത്തതിനാൽ സുബൈർ നിലത്ത് ഇഴഞ്ഞു ചെന്നാണ് മെഡിക്കൽ ഓഫീസറോട് കാര്യങ്ങൾ പറഞ്ഞത്. ഇതിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
സുബൈറിന്‍റെ വീഡിയോക്ക് പിന്നാലെ ആശുപത്രിയിൽ റാംപ് സ്ഥാപിച്ചു. എന്നാൽ, വീഡിയോ പ്രചരിച്ചതിന് പിന്നാലെ മെഡിക്കൽ ഓഫീസറോട് അപമര്യദയായി പെരുമാറിയെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയെന്നും ആരോപിച്ച് ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് കെയർ സർവീസ് പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള കുറ്റമാണ് ചുമത്തിയാണ് സുബൈറിനെതിരെ പൊലീസ് കേസെടുത്തത്. രണ്ട് റാംപ് ആണ് ആശുപത്രിയിൽ വേണ്ടിയിരുന്നത്. നേരത്തെ പലതവണ ഈ വിഷയം അധികൃതരോട് പറഞ്ഞെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്നാണ് സുബൈര്‍ സുദുദ്ദേശത്തോടെ വീഡിയോ എടുത്ത് പ്രശ്നം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ അധികൃതര്‍ പരാതി നൽകുകയായിരുന്നുവെന്നാണ് ആരോപണം.