രംഗനാഥന്റെ തകര ഫാക്ടറിയിലെ ജീവനെടുക്കുന്ന മരുന്ന്;കമ്പിനിക്കെതിരെ ഗുരുതര വീഴ്ചകള്‍

Spread the love

അസുഖം മാറുവാൻ വേണ്ടി നൽകിയ മരുന്ന് 21 കുഞ്ഞുങ്ങളുടെ ജീവനെടുത്തത് ഒരു ഞെട്ടലോടെ രാജ്യം കേട്ടത്. ചുമയ്ക്കുള്ള മരുന്ന് മരണദൂതനായെത്തിയ ആ സംഭവം രാജ്യത്തെ ഡ്രഗ്സ് കൺട്രോൾ വകുപ്പിനെയാകെ സംശയനിഴലിലേക്ക് എത്തിച്ചതും അതിവേഗം.

സർക്കാരുകൾ നിയോഗിച്ച ഉദ്യോഗസ്ഥർ നിരന്തര പരിശോധനകൾ നടത്തി സുരക്ഷിതമെന്നുറപ്പാക്കിയ ശേഷമാണ് ഓരോ മരുന്നും ജനങ്ങളിലെത്തുന്നതെന്ന വിശ്വാസം കൂടി ഇതോടെ ഇല്ലാതായി. രാജ്യത്തെ മരുന്നു ഗുണനിലവാര പരിശോധനകളിൽ പലതും വെറും കണ്ണിൽ പൊടിയിടലാണെന്നുള്ളതും തട്ടിക്കൂട്ടിയുണ്ടാക്കിയ പ്ലാന്റുകളിൽ കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള മരുന്നുകൾ വരെ ഉണ്ടാക്കാൻ കഴിയുമെന്നും രാജ്യം തിരിച്ചറിഞ്ഞത് 21 കുട്ടികളുടെ ജീവൻ പൊലിഞ്ഞപ്പോൾ മാത്രമാണ്.

കാഞ്ചീപുരത്തിനടുത്ത് വ്യവസായ മേഖലയായ സുങ്കുവർഛത്രത്തിൽ പ്രവർത്തിക്കുന്ന ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ പ്ലാന്റ് കണ്ടാൽ ഇത് മരുന്ന് ഉണ്ടാക്കുന്ന സ്ഥലമാണോ എന്ന് ആരും ചോദിച്ചു പോകും. എന്നാൽ, കുട്ടികൾക്കുള്ളത് ഉൾപ്പെടെ അൻപതോളം മരുന്നുകൾ ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്. അതിൽപ്പെട്ടതാണ് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 11 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോൾഡ്രിഫ് സിറപ്.

അനേഷണത്തിൽ കമ്പിനിക്കെതിരെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. കമ്പനി നിലവിൽ അടച്ചുപൂട്ടിയിരിക്കുകയാണ്. തകരഷീറ്റുകൾ കൊണ്ടു മറച്ചൊരുക്കിയതാണു മുൻവശത്തെ ഓഫിസ്. പിന്നിലെ വലിയ കെട്ടിടത്തിൽ കത്തിക്കരിഞ്ഞ മരുന്ന് അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും ചിതറിക്കിടക്കുന്നു.

കുട്ടികളുടെ മരണത്തിനു പിന്നാലെ, തമിഴ്നാട് സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്ലാന്റിൽ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു. കോൾഡ്രിഫ് സിറപ്പിൽ വ്യാവസായിക ആവശ്യത്തിനുള്ള രാസവസ്തു ഡൈഎത്തിലീൻ ഗ്ലൈക്കോൾ 48.6% അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക വിശകലനത്തിൽ കണ്ടെത്തി. ഇതു ചെറിയ അളവിൽ ഉള്ളിൽച്ചെന്നാൽ പോലും ഗുരുതര വൃക്ക തകരാറും മരണവും സംഭവിക്കാം.

ഉൽപാദനം തടഞ്ഞതിനു പിന്നാലെ, കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും കോൾഡ്രിഫ് സിറപ് നിരോധിച്ചു. മധ്യപ്രദേശും രാജസ്ഥാനും കമ്പനിക്കെതിരെ ക്രിമിനൽ നടപടികളും തുടങ്ങി.