
ഇടുക്കി: പെരുവന്താനത്ത് നെടുംതോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പെരുവന്താനം പോലീസ്.
മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷെഫീക്കിനെയാണ് ജീവൻ മരണാസന്നനിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ചെന്ന് കരുതി നാട്ടുകാർ ആശങ്കയോടെ മാറിനിന്നപ്പോഴാണ് പോലീസിന്റെ നിർണായക ഇടപെടല്‍ ജീവൻ രക്ഷിച്ചത്.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. നെടുംതോട്ടില്‍ ഒരാള്‍ അനങ്ങാതെ കിടക്കുന്നതായി നാട്ടുകാർ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. ഉടൻതന്നെ പെരുവന്താനം പോലീസ് സ്ഥലത്തെത്തി. റോഡിന് എതിർവശത്തുള്ള പൊന്തക്കാട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു യുവാവ്. തോട്ടില്‍ ഇറങ്ങി നടത്തിയ പരിശോധനയിലാണ് പോലീസുകാർക്ക് യുവാവിന് ജീവനുണ്ടെന്ന് മനസ്സിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ ഷെഫീക്കിനെ തോട്ടില്‍നിന്ന് കരയ്ക്കെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തുടർന്ന ശേഷം നില മെച്ചപ്പെട്ടതിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവാവ് ചികിത്സയിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർമാരായ സിയാദ്, ജോമോൻ എന്നിവർ ചേർന്നാണ് കഠിനമായ സാഹചര്യത്തില്‍ നിന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്.
വെള്ളത്തില്‍ മുങ്ങിത്താഴാൻ സാധ്യതയുള്ള ഭാഗത്തുനിന്നാണ് പോലീസുകാർ യുവാവിനെ കണ്ടെത്തി കരയിലെത്തിച്ചത്. പോലീസിന്റെ വേഗത്തിലുള്ളതും ഊർജ്ജിതവുമായ ഇടപെടലാണ് ഷെഫീക്കിന്റെ ജീവൻ നിലനിർത്തിയത്.