
തൃശൂർ: അടിപ്പാത നിര്‍മ്മാണ മേഖലയില്‍ വെളിച്ചവും അപകടസൂചിക സംവിധാനങ്ങളും ഏര്‍പ്പെടുത്താതിരുന്നതിനാല്‍ കൊരട്ടിയില്‍ നിര്‍മ്മാണത്തിനായെടുത്ത കുഴിയിലേക്ക് കെഎസ്ആര്‍ടിസി ബസ് വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ദേശീയപാത നിര്‍മ്മാണത്തിനായെടുത്ത കുഴിയിലേക്കാണ് ബസ് വീണത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. ശനി പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം.
കനത്ത മഴയും വെളിച്ചമോ ദിശാബോര്‍ഡോ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായി മാറിയത്. ബസ് നിയന്ത്രിത വേഗതയിലായിരുന്നതിനാലാണ് ദുരന്തമൊഴിവായത്. അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതകുരുക്കിനിടെ പുലര്‍ച്ചെ മൂന്നോടെ കൊട്ടാരക്കരയിലേക്ക് പച്ചക്കറി കയറ്റിപോയ പിക്കപ്പ് വാന്‍ ലോറിക്ക് പിന്നിലിടിച്ചു. പിന്നീട് പച്ചക്കറി മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു. കുഴിയുടെ തൊട്ടടുത്ത് മാത്രമാണ് റിഫ്‌ളക്ടര്‍ വച്ചിരുന്നത്.
പത്തുമീറ്റര്‍ അകലെയെങ്കിലും റിഫ്‌ളക്ടര്‍ സ്ഥാപിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാകുമായിരുന്നു. കുഴിയുടെ തൊട്ടടുത്തെത്തുമ്പോള്‍ മാത്രമാണ് ഡ്രൈവര്‍ക്ക് റിഫ്‌ളക്ടര്‍ കാണാനാകുന്നത്. എന്തെങ്കിലും ചെയ്യും മുമ്പേ ബസ് കുഴിയിലേക്ക് വീഴുകയും ചെയ്തു. മുന്നറിയിപ്പ് ബോര്‍ഡുകളോ, രാത്രികാലങ്ങളില്‍ വെളിച്ചമോ ഇല്ലാത്തതിനാല്‍ ഇവിടെ അപകടങ്ങള്‍ സംഭവിക്കുന്നത് പതിവായി മാറിയിട്ടുണ്ട്. അശാസ്ത്രീയ നിര്‍മ്മാണത്തെ തുടര്‍ന്ന് കാര്‍ കുഴിയിലേക്ക് വീണതും ഈയടുത്താണ്.