
തലച്ചോറില്‍ മുഴകളുണ്ടാകാനുള്ള സാധ്യതകള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒന്നുപോലെയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്.
അസുഖത്തിന്റെ സാന്നിധ്യം എത്രത്തോളം അധികമായി ബാധിക്കുന്നു എന്നതോടൊപ്പം തന്നെ വൈദ്യശാസ്ത്രപരമായും വൈകാരികമായും സാമൂഹികമായും അതെങ്ങനെയാണ് സ്ത്രീകളെ ബാധിക്കുന്നത് എന്ന് കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
എന്താണ് ബ്രെയിന്‍ ട്യൂമര്‍?

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലച്ചോറിലെയോ അനുബന്ധമായ ഭാഗങ്ങളിലെയോ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ബ്രെയിന്‍ട്യൂമറുകള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. അവയെ ബിനൈന്‍ ട്യൂമര്‍ (ദോഷകരമല്ലാത്ത ട്യൂമര്‍), മലിഗ്‌നന്റ് ട്യൂമര്‍ (കാന്‍സര്‍) എന്നിങ്ങനെ വിഭജിക്കുന്നു.
മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ബ്രെയിന്‍ ട്യൂമര്‍ പൊതുവെ കുറവായാണ് കാണപ്പെടുന്നതെങ്കിലും ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന നിലയില്‍ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടുതലായിരിക്കും.
സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന കാന്‍സറുകള്‍
ചില കാന്‍സറുകള്‍ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തലച്ചോറിന്റെ സുരക്ഷാകവചമായ മെനിഞ്ചസിനെ ബാധിക്കുന്ന മെനിഞ്ചിയോമ എന്ന കാന്‍സറും, ഹോര്‍മോണ്‍ ഉത്പാദനഗ്രന്ഥിയായ പിറ്റിയൂറ്ററി ഗ്രന്ഥിയെ ബാധിക്കുന്ന പിറ്റിയൂറ്ററി അഡിനോമയുമാണ് ഇതില്‍ പ്രധാനപ്പെട്ടവ. സ്ത്രൈണ ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും ഉത്പാദനവുമായി ബന്ധപ്പെട്ടാണ് ഈ സാധ്യത കൂടുതലായി കാണപ്പെടുന്നത്.
സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍
ബ്രെയിന്‍ ട്യൂമര്‍ നിര്‍ണ്ണയിക്കാനും ചികിത്സിക്കാനും നേരിടുന്ന വെല്ലുവിളികളാണ് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന ലക്ഷണങ്ങള്‍ തലവേദന, ക്ഷീണം, ഓക്കാനം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയാണല്ലോ. ഇത് സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ടതാണ് എന്ന തെറ്റിദ്ധാരണയാണ് കൂടുതല്‍ പേരും ആദ്യഘട്ടത്തില്‍ നിലനിര്‍ത്താറുള്ളത്.
ഇതിന് പുറമെ മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങളില്‍ അമിതമായ താത്പര്യമെടുക്കുകയും സ്വന്തം ആരോഗ്യം അവഗണിക്കുകയും ചെയ്യുന്ന സ്ത്രീകളുണ്ട്. അത്തരം സ്വഭാവ സവിശേഷതയും, ചില സാമൂഹിക സാഹചര്യങ്ങളില്‍ വീടുകളില്‍ ഉള്‍പ്പെടെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തോട് മറ്റുള്ളവര്‍ പുലര്‍ത്തുന്ന നിസ്സംഗതാ മനോഭാവവുമൊക്കെ സ്ത്രീകളിലെ രോഗനിര്‍ണ്ണയത്തില്‍ കാലതാമസം നേരിടുന്നുണ്ട്. ഇത് പൊതുവായി സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വലിയ വെല്ലുവിളിയാണ്.
സ്ത്രീകളിലെ ഹോര്‍മോണ്‍ സംബന്ധമായ സവിശേഷ സാഹചര്യങ്ങളും രോഗനിയന്ത്രണത്തില്‍ ചിലപ്പോള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. ഉദാഹരണത്തിന് മെനിഞ്ചിയോമ പോലുള്ള ട്യൂമറുകള്‍ ഹോര്‍മോണുകളോട് പ്രതികരിച്ച് വളരുന്നവയാണ്.
ഇത് പ്രസവസമയത്തും, ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിസമയത്തുമൊക്കെ വളര്‍ച്ച പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം ചിലപ്പോള്‍ ചികിത്സാ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യും.
ചില ട്യൂമറുകളുടെ ചികിത്സ, പ്രത്യേകിച്ച് റേഡിയേഷന്‍, ചില ശസ്ത്രക്രിയകള്‍ എന്നിവ സ്ത്രീകളിലെ പ്രത്യുത്പാദന ശേഷിയേയും ഫാമിലി പ്ലാനിങ്ങിനേയും ദോഷകരമായി ബാധിക്കാനിടയുണ്ട്. ഈ സാഹചര്യം സ്ത്രീകൾ, പ്രത്യേകിച്ച് യുവതികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് രോഗനിര്‍ണ്ണയം നടത്തുക എന്നതാണ് പ്രധാനം. തുടര്‍ച്ചയായ തലവേദന പ്രത്യേകിച്ച് രാവിലെ കൂടുതലായി അനുഭവപ്പെടുക, ഓക്കാനം, അപസ്മാരം, കാഴ്ചയില്‍ ബുദ്ധിമുട്ട് നേരിടുക, ഓര്‍മ്മ സംബന്ധമായ തകരാറുകള്‍, ആര്‍ത്തവം ക്രമം തെറ്റുന്നതുള്‍പ്പെടെയുള്ള ഹോര്‍മോണ്‍ തകരാറുകള്‍ സംഭവിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്.
ഇവ ശ്രദ്ധയില്‍പെട്ടാല്‍ മടിച്ചിരിക്കാതെ ചികിത്സ തേടുക തന്നെ വേണം. സ്വന്തം ആരോഗ്യം ഉറപ്പ് വരുത്തിയാല്‍ മാത്രമേ കുടുംബത്തിലെ മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങളിലും ക്രിയാത്മകമായ ശ്രദ്ധ ചെലുത്താന്‍ സാധിക്കുകയുള്ളൂ എന്ന് പ്രത്യേകം ഓര്‍ക്കുക.