
മൂലമറ്റം: കാഞ്ചിയാറില്‍ ശവസംസ്‌ക്കാര ചടങ്ങിന് പോകാന്‍ എളുപ്പവഴി തേടി ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചവരെത്തിയത് മൂലമറ്റം വൈദ്യുത നിലയത്തില്‍.
ഒടുവില്‍ കാറെത്തിയത് പോലിസ് സ്‌റ്റേഷനിലും. അന്യവാഹനങ്ങള്‍ക്ക് നിരോധനമുള്ളയിടത്തേക്ക് കടന്നുവന്ന കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും പോലിസില്‍ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച വാഹനം പിന്നീട് വിട്ടുനല്‍കി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കാര്‍ വഴിതെറ്റി മൂലമറ്റം പവര്‍ സ്റ്റേഷനില്‍ എത്തിയത്. പവര്‍ ഹൗസിന് മുന്നിലെ സുരക്ഷാ ജീവനക്കാര്‍ കാറിലുള്ളവരോട് കാര്യം തിരക്കിയപ്പോഴാണ് കാഞ്ചിയാറിനുള്ള എളുപ്പവഴി നോക്കി വന്നതാണെന്ന് അറിഞ്ഞത്.
ഒരു ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഇവര്‍. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലൂടെ അറക്കുളം അശോകക്കവലവഴിയാണ് ഇവര്‍ പിന്നീട് കാഞ്ചിയാറിന് പോയത്.
കോട്ടയത്തുനിന്ന് കാഞ്ചിയാറിലേക്കുള്ള എളുപ്പവഴി ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞതാണ് വിനയായത്. ഗൂഗിള്‍മാപ്പ് നോക്കി മൂലമറ്റം ടൗണിലെത്തിയ കാര്‍ നേരേ സഞ്ചരിച്ചു. തുടര്‍ന്നാണ് പവര്‍ഹൗസിലേക്ക് എത്തിയത്.
ഈ റോഡില്‍ കളപ്പുര സിറ്റിയിലൂടെ അല്‍പ്പം മുന്നോട്ടുവന്ന് വലത്തേക്ക് തിരിഞ്ഞ് ജലന്തര്‍ സിറ്റി വഴിയാണ് കാര്‍ ആശ്രമത്തിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ ഗൂഗിള്‍ മാപ്പ് ഇവരെ മൂലമറ്റം വൈദ്യുതി നിലയത്തില്‍ എത്തിക്കുക ആയിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരറിയിച്ചതിനെ തുടര്‍ന്ന് വാഹനം കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെയാണ് കോട്ടയത്തുനിന്നുള്ള കുടുംബത്തിന് യാത്ര തുടരാനായത്.
മൂലമറ്റം-കോട്ടമല റോഡിന്റെ മുടങ്ങിക്കിടന്ന ഭാഗത്തിന്റെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി നിര്‍വഹിച്ചിരുന്നു. ഈ റോഡ് പൂര്‍ത്തിയായാല്‍ എറണാകുളത്തുനിന്ന് വാഗമണ്‍ തുടങ്ങിയ ഭാഗത്തേക്കുള്ള ദൂരത്തില്‍ 40 കിലോമീറ്റര്‍ കുറവ് ലഭിക്കുന്ന റോഡാണിത്. ഇനിയും പൂര്‍ത്തിയാകാത്ത റോഡാണോ ഗൂഗിള്‍ മാപ്പില്‍ തെറ്റായി കാണിച്ചതെന്ന് വ്യക്തമായിട്ടില്ല.